പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷത്തിലെത്തിയ ‘ഗുരുവായൂരമ്പല നടയില്‍’ സിനിമയ്‌ക്ക് മികച്ച പ്രതികരണം. പ്രേക്ഷക പ്രതീക്ഷകൾ ചോർന്നു പോകാത്ത മുഴുനീള കോമഡി എന്റർടൈയ്നർ ആയിരുന്നു ചിത്രം. ഒരിടവേളക്ക് ശേഷം മുഴുനീള കോമഡി വേഷത്തിലാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തിയിരിക്കുന്നത്.
പൃഥ്വിരാജ് ബേസിൽ ജോസഫ് കോമ്പോയാണ് സിനിമയുടെ ഹൈലൈറ്റെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. കല്യാണം മുടക്കുന്നതിൽ ആരംഭിച്ച് കല്യാണം നടത്തുന്നത് വരെയുള്ള രസകരമായ മുഹൂർത്തങ്ങളുമായാണ് സിനിമ മുന്നോട്ട് പോകുന്നത്. മലയാള സിനിമയുടെ അടുത്ത വമ്പൻ ഹിറ്റാകാൻ സാധ്യതയുള്ള ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണം അറിയാം.
മികച്ച ആദ്യ പകുതിയും അതിനെക്കാൾ മികച്ച രണ്ടാം പകുതിയുമായിരുന്നു ചിത്രം. പൃഥ്വിരാജും ബേസിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. മറ്റ് അഭിനേതാക്കളും നന്നായി. ഒരു കംപ്ലീറ്റ് ഫണ്‍ പാക്കേജെന്നാണ് ഒരാൾ എക്സിൽ കുറിച്ചത്. ചില ഇടങ്ങളിൽ ഇഴച്ചിൽ ഫീൽ ചെയ്തെങ്കിലും കോമഡികളെല്ലാം ആസ്വദിക്കാൻ കഴിഞ്ഞെന്നാണ് മറ്റൊരാളുടെ അഭിപ്രായം.
ഒരു കല്യാണത്തെ ചുറ്റിപ്പറ്റി ഉണ്ടാവുന്ന പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയാണ് കഥ പോകുന്നത്. ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ബേസിലിന്റെയും പൃഥ്വിരാജിന്റെയും ക്യാരക്ടറുകളാണ്. 200 % ഉറപ്പിച്ചു പറയുന്നു ഒരു അഡാർ കോമഡി എന്റർടൈനറാണെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്.
ഗുരുവായൂർ അമ്പലനടയിൽ 900 തിയേറ്ററുകളിലാണ് ഇന്ന് റിലീസ് ചെയ്തത്. സിനിമയ്‌ക്ക് ടിക്കറ്റ് ബുക്കിംഗിലൂടെ ഒരു കോടിയിലധികം രൂപ മുൻകൂറായി ലഭിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴ് ഹാസ്യതാരം യോഗി ബാബുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദീപു പ്രദീപാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്. നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്‌വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.















