എറണാകുളം: വാട്ടർ അതോറിറ്റിയുടെ വീഴ്ചയെ തുടർന്ന് മഞ്ഞപ്പിത്തം പടർന്നുപിടിച്ച വേങ്ങൂർ പഞ്ചായത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്. മുവാറ്റുപുഴ ആർഡിഒ ഷൈജു പി.ജേക്കബിനാണ് അന്വേഷണ ചുമതല. രണ്ടാഴ്ചയ്‌ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. രോഗബാധയെ തുടർന്ന് രണ്ട് മരണങ്ങളാണ് പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തത്. 200-ലധികം ആളുകളെയാണ് ഹെപ്പൈറ്റിസ് എ ഇതുവരെ ബാധിച്ചിരിക്കുന്നത്.
മരണകാരണം, വെെറസ് പടർന്ന് പിടിക്കാനുള്ള കാരണങ്ങൾ, മുൻകരുതലുകൾ സ്വീകരിക്കേണ്ടതിൽ വരുത്തിയ അശ്രദ്ധ, വീഴ്ച ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എന്നീ കാര്യങ്ങളാണ് ആർഡിഒ അന്വേഷിക്കുക. വെെറസ് പടർന്ന സ്ഥലങ്ങൾ കളക്ടർ സന്ദർശിച്ചിരുന്നു. പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
പഞ്ചായത്തിലെ 15 വാർഡുകളിലാണ് രോഗവ്യാപനമുള്ളത്. മരിച്ച ജോളി രാജുവിന്റെയും വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന അഞ്ജനയുടെയും കാര്യങ്ങളും അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിൽ പറയുന്നുണ്ട്. കഴിഞ്ഞ ഏപ്രിൽ 17നാണ് വേങ്ങൂരിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. പിന്നാലെ ഇത് പടർന്നു പിടിക്കുകയായിരുന്നു. രോഗബാധയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന പലരും ഗുരുതരാവസ്ഥയിലാണ്. ചികിത്സാ ചെലവിനായി പണം സ്വരൂപിക്കാൻ പഞ്ചായത്ത് അധികൃതർ കഴിഞ്ഞ ദിവസം സഹായ സമിതിക്ക് രൂപം നൽകിയിരുന്നു. സർക്കാർ ഇതുവരെയും ധനസഹായം പ്രഖ്യാപിച്ചിട്ടില്ല.
വക്കുവള്ളി, കൈപ്പള്ളി, ചൂരത്തോട് ഭാഗങ്ങളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മലിനജലത്തിലൂടെയാണ് വ്യാപനം ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.