കോഴിക്കോട്: ആറാമത്തെ വിരൽ നീക്കം ചെയ്യാനെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് സസ്‌പെൻഷൻ. കോഴിക്കോട് മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. കുട്ടിയുടെ വിരലിൽ ശസ്ത്രക്രിയ ചെയ്യുന്നതിന് പകരം നാവിലാണ് ശസ്ത്രക്രിയ ചെയ്തതെന്ന് ഡോക്ടർ സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ശസ്ത്രക്രിയ കുടുംബത്തിന്റെ അനുമതിയോടെയല്ലെന്ന് ഡോക്ടർ എഴുതി നൽകിയ രേഖയും പുറത്തു വന്നു. അവയവം മാറി ശസ്ത്രക്രിയ നടന്നെന്നും എന്നാൽ ഇതുകൊണ്ട് കുട്ടിക്ക് പ്രശ്‌നങ്ങളുണ്ടാവില്ലെന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തി. ഇതേത്തുടർന്ന് ഡോക്ടറെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഡോക്ടർ ഗുരുതര ചികിത്സാപിഴവ് വരുത്തിയെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവ് പൊലീസിൽ പരാതിപ്പെട്ടിരുന്നു. കോഴിക്കോട് മെഡിക്കൽകോളേജ് പൊലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്. കുട്ടിക്ക് രണ്ട് ശസ്ത്രക്രിയ നടത്തിയതിലും അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
ഇന്ന് രാവിലെയാണ് ആറാമത്തെ വിരൽ നീക്കം ചെയ്യുന്നതിനായി നാല് വയസുകാരിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കയ്യിലെ വിരൽ നീക്കം ചെയ്യുന്നതിന് മുമ്പ് ഡോക്ടർമാർ നാവിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു. അബദ്ധം തിരിച്ചറിഞ്ഞതോടെ കുട്ടിയുടെ കയ്യിലെ വിരൽ നീക്കം ചെയ്യുന്നതിനും ശസ്ത്രക്രിയ നടത്തി. കുട്ടിയുടെ ബന്ധുക്കളുമായി കൃത്യമായി ആശയവിനിമയം നടത്താതിരുന്നതാണ് ശസ്ത്രക്രിയ മാറിപോയതിന്റെ കാരണമെന്നായിരുന്നു സൂപ്രണ്ടിന്റെ വാദം.















