എറണാകുളം: പനമ്പള്ളിനഗറിൽ നവജാത ശിശുവിനെ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നും വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ സ്വദേശി ഷെഫീഖിനെതിരെയാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
ഗർഭിണിയാണെന്ന കാര്യം യുവാവിന് അറിയാമായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ടായിരുന്നു. ഗർഭഛിദ്രം ചെയ്യാൻ ശ്രമിച്ചെങ്കിലും വൈകിപോയതിനാൽ അതിന് സാധിക്കാതെ വന്നു. ഇതിനിടയിലാണ് ഇരുവരും തമ്മിലുള്ള സൗഹൃദം അവസാനിച്ചത്.
തുടർന്ന് മേയ് മൂന്നാം തീയതി കുഞ്ഞിനെ പ്രസവിച്ചയുടൻ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഫ്‌ളാറ്റിൽ നിന്ന് വലിച്ചെറിയുകയായിരുന്നു. കേസിൽ അറസ്റ്റിലായ യുവതിയെ പൊലീസ് റിമാൻഡ് ചെയ്തിരുന്നു. അണുബാധയെ തുടർന്ന് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. ഈ മാസം 18 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയുടെ കാലാവധി.















