ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടിയുമായി പ്രധാനമന്ത്രി. തീർച്ചയായും നിങ്ങൾ പറഞ്ഞത് ശരിയാണ്, ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ലെന്നാണ് പ്രധാനമന്ത്രിയുടെ എക്സിലെ പോസ്റ്റ്. രശ്മിക മന്ദാനയുടെ പോസ്റ്റ് റീ ട്വീറ്റ് ചെയ്താണ് പ്രധാനമന്ത്രി മറുപടി അറിയിച്ചത്.
മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് നിരന്തരം യാത്ര ചെയ്യാറുണ്ടെന്നും, അടൽ സേതു പാലം വന്നതോടെ യാത്രയിലുണ്ടായ മാറ്റത്തെ ചൂണ്ടിക്കാട്ടിയുമായിരുന്നു രശ്മിക മന്ദാനയുടെ പോസ്റ്റ്. മുംബൈയേയും നവി മുംബൈയേയും തമ്മിൽ ബന്ധിപ്പിക്കുന്ന അടൽ സേതു പാലം വന്നതോടെ രണ്ട് മണിക്കൂർ വേണ്ടി വരുന്ന യാത്രയുടെ സമയം 20 മിനിറ്റായി ചുരുങ്ങി. ഗതാഗത മേഖലയിൽ ഇത് ഒരു സമ്പൂർണമാറ്റമാണ് വരുത്തിയത്. പല നഗരങ്ങളിലേക്കുമുളള യാത്ര അനായാസമാക്കാൻ ഇതിലൂടെ കഴിഞ്ഞെന്നും താരം പറഞ്ഞിരുന്നു.
രണ്ട് മണിക്കൂർ സമയമെടുത്തിരുന്ന ദൂരം ഇപ്പോൾ 20 മിനിറ്റ് കൊണ്ട് എത്താം. നിങ്ങൾക്ക് വിശ്വസിക്കാൻ പോലും കഴിയില്ല. ഇതൊക്കെ സാധിക്കുമെന്ന് ആരാണ് ചിന്തിച്ചത്. മുംബൈയിൽ നിന്ന് നവി മുംബൈയിലേക്കും ഗോവയിൽ നിന്ന് മുംബൈയിലേക്കും ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്കും എല്ലായിടത്തേക്കുമുളള യാത്രകൾ വളരെ എളുപ്പമുളളതായി മാറിക്കഴിഞ്ഞു. ഇത്തരം അമ്പരപ്പിക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിൽ ഏറെ അഭിമാനിക്കുന്നുവെന്നും രശ്മിക പ്രതികരിച്ചു. അതിനാൽ നിങ്ങൾ വികസനത്തിനായി വോട്ട് ചെയ്യണമെന്നുമായിരുന്നു താരത്തിന്റെ പോസ്റ്റ്. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രധാനമന്ത്രി മറുപടിയും നൽകിയിരുന്നു.
Absolutely! Nothing more satisfying than connecting people and improving lives. https://t.co/GZ3gbLN2bb
— Narendra Modi (@narendramodi) May 16, 2024















