മുംബൈ ; 52 വർഷം മുമ്പ് പൊളിച്ചുമാറ്റിയ 14-ാം നൂറ്റാണ്ടിലെ ശിവക്ഷേത്രം പുനർനിർമിക്കാൻ തീരുമാനം . മഹാരാഷ്‌ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് ക്ഷേത്രം ഉയരുക . സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പുനരുദ്ധാരണത്തിന് ശ്രമിക്കുന്നതെന്ന് മഹാരാഷ്‌ട്ര പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ജയക്‌വാദി അണക്കെട്ടിന്റെ നിർമ്മാണത്തിനിടെയാണ് ക്ഷേത്രങ്ങൾ പൊളിച്ചുമാറ്റിയത് . പൈത്താൻ തഹസിലെ ഷേവ്ത, സവ്ഖേദ ഗ്രാമങ്ങളിൽ സ്ഥിതി ചെയ്യുന്ന രണ്ട് പുരാതന ക്ഷേത്രങ്ങൾ അണക്കെട്ട് പൂർത്തിയായതിന് ശേഷം പ്രദേശം വെള്ളത്തിനടിയിലാകാൻ പോകുന്നതിനാലാണ് 1972-ൽ പൊളിച്ചുമാറ്റിയത് .
ഇതിന്റെ അവശിഷ്ടങ്ങൾ സംരക്ഷിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. “ഷേവ്തയിൽ നിലനിന്നിരുന്ന ഒരു ക്ഷേത്രം സോനേരി മഹലിനടുത്തുള്ള ഒരു കുന്നിൻ മുകളിൽ സ്ഥാപിക്കും. “ഉദ്യോഗസ്ഥർ പറഞ്ഞു. പദ്ധതിക്കായി സംസ്ഥാന സർക്കാർ 3.53 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും രണ്ടോ മൂന്നോ മാസത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മധ്യകാലഘട്ടത്തിൽ മഹാരാഷ്‌ട്രയിൽ സാധാരണമായിരുന്ന `ഹേമദ്പന്തി’ ശൈലിയിലാണ് യഥാർത്ഥ ക്ഷേത്രങ്ങൾ നിർമ്മിച്ചിരുന്നത്. ജയക്‌വാദി അണക്കെട്ടിന്റെ നിർമാണത്തെ തുടർന്ന് നൂറോളം ഗ്രാമങ്ങൾ വെള്ളത്തിനടിയിലായിരുന്നു.















