പട്‌ന : ബിഹാറിലെ സീതാമർഹിയില്‍ സീതാക്ഷേത്രം നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മധുബനിയിലും സീതാമർഹിയിലും നടന്ന റാലികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
സീതയുടെ ജന്മസ്ഥലമായി കരുതപ്പെടുന്ന സീതാമർഹിയിലെ പുനൗര ധാമിനായി കോൺഗ്രസും , ലാലു പ്രസാദും ഒന്നും ചെയ്തില്ലെന്നും അമിത് ഷാ പറഞ്ഞു.
അധികാരത്തിലേറിയാൽ ഗോവധം നിരോധിക്കാനുള്ള നടപടി സ്വീകരിക്കുന്നത് പരിഗണിക്കും . പശുക്കടത്ത് നടത്തുന്നവർക്ക് ശക്തമായ ശിക്ഷയാകും നൽകുക . പശുക്കളെ കടത്താനോ കശാപ്പുചെയ്യാനോ അനുവദിക്കില്ല . കോൺഗ്രസും ആർജെഡിയും നിരോധിത സംഘടനകളായ പിഎഫ്ഐയെ സംരക്ഷിക്കുന്ന തിരക്കിലാണ് . ഭാരതത്തെ ഇസ്ലാമിക രാഷ്‌ട്രമാക്കാൻ ആഗ്രഹിക്കുന്ന” പിഎഫ്ഐ പോലുള്ള സംഘടനകളെ സംരക്ഷിക്കുന്നതിനിടെ സംസ്ഥാനത്തിന് എന്താണ് വേണ്ടതെന്ന് ചിന്തിക്കുന്നില്ല.
പിഒകെ ഞങ്ങളുടേതായിരുന്നു, ഞങ്ങളുടേതാണ്, ഞങ്ങൾ അത് തിരിച്ചെടുക്കും, മോദിയുടെ ഭരണത്തിന് കീഴിൽ ഏത് വെല്ലുവിളിയും നേരിടാൻ രാജ്യം ശക്തമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
പാണ്ഡവരും കൗരവരും തമ്മിലുള്ള മഹാഭാരത യുദ്ധത്തോടാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പിനെ അമിത് ഷാ ഉപമിച്ചത്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ 12 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിയാകും മുമ്പ് ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി 25 പൈസ പോലും ദുരുപയോഗം ചെയ്തതായി ആർക്കും ആരോപിക്കാനാവില്ല.
എല്ലാ അഴിമതിക്കാരെയും ജയിലിലേയ്‌ക്ക് അയക്കാനും പണം രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് തിരികെ നൽകാനും മോദി സർക്കാർ പ്രവർത്തിക്കും. ബിഹാറിന്റെയും പ്രത്യേകിച്ച് മിഥിലാഞ്ചലിന്റെയും വികസനത്തിൽ ബിജെപിയുടെ പങ്ക് എടുത്തുകാണിച്ച അമിത് ഷാ, ഇറ്റലിയിൽ നിന്നുള്ളവർക്ക് മൈഥിലിയെ ബഹുമാനിക്കാൻ കഴിയുമോ എന്നും ചോദിച്ചു.















