ന്യൂഡൽഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ. ഇത്രയും വലിയ വിഷയത്തിൽ കെജ്‌രിവാൾ മൗനമായിരിക്കുന്നതിൽ അതിശയം തോന്നുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സംഭവത്തിൽ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
മുഖ്യമന്ത്രിയുടെ വസതിയിൽ വച്ചുണ്ടായ സംഭവത്തിൽ കെജ്‌രിവാൾ ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. മാലിവാളിനോടുണ്ടായ പെരുമാറ്റം അങ്ങേയറ്റം ലജ്ജാകരമാണെന്നും പ്രതികൾക്കൊപ്പമാണ് കെജരിവാൾ നടക്കുന്നതെന്നും നിർമലാ സീതാരാമൻ പറഞ്ഞു.
മാലിവാളിന്റെ പരാതിയെ തുടർന്ന് ബൈഭവ് കുമാറിനെതിരെ ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി സെക്ഷൻ 354, 506, 509, 323 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കെജ്‍രിവാളിനെ സന്ദർശിക്കാൻ വീട്ടിലെത്തിയ സമയത്ത് അതിക്രമം നേരിട്ടുവെന്നാണ് സ്വാതിയുടെ പരാതിയിൽ പറയുന്നത്. ബൈഭവ് കുമാർ തന്നെ തല്ലുകയും ചവിട്ടുകയും അടിക്കുകയും ഇടിക്കുകയും ചെയ്തതായി സ്വാതി മാലിവാൾ നൽകിയ പരാതിയിൽ പറഞ്ഞു.
വിഷയത്തിൽ പൊലീസ് നേരത്തെ ഇടപെട്ടിരുന്നില്ല. തുടർന്ന് സംഭവം വിവാദമായതിന് പിന്നാലെ ഇന്നലെ ഉച്ചയ്‌ക്ക് പൊലീസിന്റെ ഒരു സംഘം സ്വാതിയുടെ വസതിയിലെത്തി മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.















