ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം ടഗ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. പൂനെ വിമാനത്താവളത്തിൽ ഇന്നലെയാണ് സംഭവം. ടേക്ക് ഓഫിന് മുന്നോടിയായി വിമാനം റൺവേയിലൂടെ നീങ്ങുമ്പോഴാണ് ടഗ് ട്രക്കുമായി കൂട്ടിയിടിച്ചത്. ഈ സമയം ഏകദേശം 180 ൽ അധികം യാത്രക്കാർ വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നതായാണ് വിവരം.
അടിയന്തര പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ ഉടൻ തന്നെ നടപ്പിലാക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയതായി എയർപോർട്ട് അധികൃതർ അറിയിച്ചു. തുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കുകയും ഡൽഹിയിലേക്കുള്ള ബദൽ വിമാനത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തതായും അധികൃതർ പറഞ്ഞു.
കൂട്ടിയിടിയുടെ കാരണം കണ്ടെത്താൻ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂട്ടിയിടിയിൽ വിമാനത്തിന്റെ മുൻവശത്തിനും ലാൻഡിംഗ് ഗിയറിനടുത്തുള്ള ടയറിനും കേടുപാടുകൾ സംഭവിച്ചു.