ലഖ്നൗ : രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമായ ദാറുൽ ഉലൂം ദയോബന്ദ് വീണ്ടും വിവാദത്തിൽ. ഇത്തവണ സ്ത്രീകൾക്ക് അവിടെക്കുളള പ്രവേശനം നിരോധിച്ചതാണ് കാരണം.
ഉത്തർപ്രദേശിലെ സഹറൻപൂർ ജില്ലയിലെ ദയോബന്ദിലുള്ള ദാറുൽ ഉലൂമിൽ സ്ത്രീകൾ വരുന്നത് പഠനാവശ്യങ്ങൾക്കല്ലെന്നും റീലുകൾ നിർമ്മിക്കുന്നു എന്നുമാരോപിച്ചാണ് നിരോധനം ഏർപ്പെടുത്തിയത്.
“സ്ത്രീകൾ വന്നു റീൽ നിർമ്മിക്കുന്നത് പതിവായതിനാലാണ് ഈ തീരുമാനമെടുത്തത്, ഇത് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നു,” അധികൃതർ വെള്ളിയാഴ്ച പറഞ്ഞു.
ദാറുൽ ഉലൂമിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലെ വീഡിയോകൾ കണ്ടതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതികൾ ലഭിച്ചു എന്നും അധികൃതർ വ്യക്തമാക്കി. മൊഹ്തമിം (അഡ്മിനിസ്‌ട്രേറ്റർ) മൗലാന മുഫ്തി അബുൽ ഖാസിം നൊമാനി ആണ് നിരോധനവും അതിനുള്ള കാരണങ്ങളും സ്ഥിരീകരിച്ചത്. ദാറുൽ ഉലൂം ഒരു മതവിദ്യാഭ്യാസ കേന്ദ്രമാണെന്നും ഇത്തരം പ്രവൃത്തികൾ ഇവിടെ സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

“ഇത് മാത്രമല്ല, ദാറുൽ ഉലൂമിൽ വിദ്യാഭ്യാസത്തിന്റെ ഒരു പുതിയ സെഷൻ ആരംഭിച്ചു. തിരക്ക് കാരണം വിദ്യാർത്ഥികളുടെ പഠനവും പ്രതിസന്ധിയിലായി. ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് നിരവധി പരാതികൾ ലഭിച്ചു,” നോമാനി പറഞ്ഞു.
ധാരാളം സ്ത്രീകൾ ഇവിടെ വന്ന് റീൽ ഉണ്ടാക്കുന്നുണ്ടായിരുന്നു. ഈ പ്രവണത അതിവേഗം വളരുകയായിരുന്നു. നേരത്തെ ഇതിന് കുറച്ച് ശ്രദ്ധ നൽകിയിരുന്നെങ്കിലും ഇപ്പോൾ റീല് നിർമ്മിക്കാനായി വരുന്ന സ്ത്രീകളുടെ എണ്ണം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുമൂലം ലോകമെമ്പാടും സ്ഥാപനത്തിന്റെ പ്രതിച്ഛായ മങ്ങുകയായിരുന്നു. ഇത് കണക്കിലെടുത്താണ് സ്ത്രീ പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയതെന്നാണ് മാനേജ്മെൻ്റ് പറയുന്നത്.
ദയൂബന്ദ് ദാറുൽ ഉലൂമിന്റെ ലൈബ്രറിയും ആന്തരിക പരിസരവും വളരെ മനോഹരമായ രീതിയിൽ ചിട്ടപ്പെടുത്തിയവയാണ്. ലോകമെമ്പാടുമുള്ള ആളുകൾ ഇവിടെ സന്ദർശിക്കാൻ വരുന്നുണ്ട്. പെൺകുട്ടികളും സ്ത്രീകളും ലൈബ്രറി സന്ദർശിക്കാനും സ്ഥാപനം കാണാനുമായി ഇവിടെയെത്തുന്നു. എന്നാൽ ഇപ്പോൾ സ്ത്രീകളുടെ പ്രവേശനം പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്.

റാഷിദിയ മസ്ജിദിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും പ്രവേശനം നേരത്തെ തന്നെ നിരോധിച്ചിരുന്നുവെന്നും അത് ഇപ്പോൾ മുഴുവൻ സമുച്ചയത്തിലും നടപ്പാക്കിയിട്ടുണ്ടെന്നും അബുൽ ഖാസിം നൊമാനി പറഞ്ഞു. നിരോധനത്തെക്കുറിച്ച് സ്ത്രീകളെയും പെൺകുട്ടികളെയും അറിയിക്കാനും അവരെ തിരികെ പോകാൻ പ്രേരിപ്പിക്കാനും ഗാർഡുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.















