തിരുവനന്തപുരം: തിരുവനന്തപുരം ആർസിസിയിലെ സൈബർ ആക്രമണത്തിന് പിന്നിൽ ഉത്തരകൊറിയൻ ചൈനീസ് ഹാക്കർ മാരാണെന്ന സംശയത്തിൽ പൊലീസ്. 20 ലക്ഷത്തോളം രോഗികളുടെ വിവരങ്ങളാണ് ഹാക്കർമാർ ചോർത്തിയത്. പൊലീസിന്റെ അന്വേഷണം ഇഴഞ്ഞുനീങ്ങിയതോടെ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന ആവശ്യവും ശക്തമാണ്.
ഏപ്രിൽ 28-നാണ് ആർസിസിയിലെ 14 സർവറുകളിൽ പതിനൊന്നെണ്ണത്തിലും സൈബർ ആക്രമണം ഉണ്ടായത്. പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് രണ്ടാഴ്ച കഴിഞ്ഞെങ്കിലും കേസിന്റെ അന്വേഷണം മന്ദഗതിയിലാണ് നീങ്ങിയത്. രാജ്യാന്തര ബന്ധമുള്ള കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ്.
അപ്രതീക്ഷിതമായ സൈബർ ആക്രമണം പല ഡിപ്പാർട്ട്‌മെന്റുകളുടെയും പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്. റേഡിയേഷൻ വിഭാഗത്തിലെ വിവരങ്ങൾ ഉൾപ്പെടെ ചോർന്നിട്ടുണ്ടെന്നാണ് വിവരം. രോഗികളുടെ നിർണായക വിവരങ്ങളാണ് ഹാക്കർമാർ ചോർത്തിയത്. വിവരങ്ങൾ വിട്ടു നൽകാനായി 100 ഡോളർ ആവശ്യപ്പെട്ടതായാണ് സൂചന. ക്രിപ്റ്റോ കറൻസി വഴിയാണ് പണം ആവശ്യപ്പെട്ടിരിക്കുന്നത്.