യക്ഷി, പ്രേതം,ഗുളികൻ തുടങ്ങി ഭീതിപ്പെടുത്തുന്ന കഥയുമായി കഴിയുന്ന ഒരു കൂട്ടം കുട്ടികളുടെ കഥയായ ‘ഗു’ വിന് ആവേശകരമായ വരവേൽപ്പ്. മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ ബാലതാരം ദേവനന്ദ പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രത്തിൽ സൈജു കുറുപ്പും മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതികരണം അറിയാം.
പൂർണമായും ഹൊറർ ജോണറിൽ അല്ലാതെ കേട്ടു പരിചയമുള്ള ഗുളികൻ തുടങ്ങിയ കഥയിൽ നിന്നുള്ളതാണ് ചിത്രം. വളരെ ആകാംഷയോടുകൂടി കാണാൻ കഴിഞ്ഞെന്നാണ് പ്രേക്ഷകർ പറയുന്നത്. മാളികപ്പുറം സിനിമയിലേതു പോലെ ഈ ചിത്രത്തിലും ദേവനന്ദ നന്നായി അഭിനയിച്ചിട്ടുണ്ട്. എല്ലാ തരത്തിലുള്ള പ്രേക്ഷകരെയും ഒരുപോലെ തിയേറ്ററിലെത്തിക്കാൻ സാധിക്കുന്ന സിനിമയെന്നാണ് പ്രേക്ഷകരുടെ ആദ്യ വിലയിരുത്തൽ.
ബെംഗളൂരുവിൽ നിന്നും മിന്ന എന്ന പെൺകുട്ടി തന്റെ അവധികാലം ആഘോഷിക്കാൻ തറവാട്ടിലെത്തുന്നതിനെ ചുറ്റിപറ്റിയാണ് കഥമുന്നേറുന്നത്. ഹൊറർ സൂപ്പർനാച്വറൽ വിഭാഗത്തിലുള്ള ഈ ചിത്രം കുട്ടികളെ പ്രധാനമായും കേന്ദീകരിച്ചുള്ളതാണങ്കിലും കുടുംബ പ്രേക്ഷകരെ ഒന്നാകെ ആകർഷിക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്.
ചിത്രത്തിന്റെ സംഗീതത്തിനും ഛായാഗ്രഹണത്തിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിച്ചിരിക്കുന്ന ചിത്രം നവാഗതനായ മനു രാധാകൃഷ്ണനാണ് തിരക്കഥയും സംവിധാനവും രചിച്ചിരിക്കുന്നത്.















