ഗാസ: ഗാസയിൽ കൊല്ലപ്പെട്ട മുൻ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎന്നിലെ ഇന്ത്യൻ ദൗത്യ സംഘം. കൂടാതെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും യുഎൻ ഏജൻസികളും കൊല്ലപ്പെട്ട കേണൽ വൈഭവ് അനിൽ കാലേക്ക് അന്തിമോപചാരം അർപ്പിച്ചു. അദ്ദേഹത്തിന്റെ ഭൗതികശരീരം ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.
ഇന്ത്യൻ ആർമിയുടെ 11 ജമ്മു & കശ്മീർ റൈഫിൾസിൽ സേവനമനുഷ്ഠിച്ചിരുന്ന വൈഭവ് 2022 ൽ സേനയിൽ നിന്നും വിരമിച്ചിരുന്നു. രണ്ടു മാസങ്ങൾക്ക് മുൻപാണ് അദ്ദേഹം യുഎൻ ഡിപ്പാർട്ട്മെൻ്റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റിയിൽ (ഡിഎസ്എസ്) സെക്യൂരിറ്റി കോർഡിനേഷൻ ഓഫീസറായി ചേർന്നത്. ഇസ്രായേൽ-ഹമാസ് യുദ്ധമേഖലയായ റാഫയിൽ നിന്ന് ഖാൻ യൂനിസ് പ്രദേശത്തെ ആശുപത്രിയിലേക്ക് യുഎൻ വാഹനത്തിൽ സഞ്ചരിക്കുമ്പോഴുണ്ടായ ആക്രമണത്തിലാണ് വൈഭവ് കൊല്ലപ്പെട്ടത്.
ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ച ശേഷം കൊല്ലപ്പെടുന്ന യുഎൻ ഏജൻസിയിലെ ആദ്യത്തെ ഉദ്യോഗസ്ഥനാണ് കേണൽ വൈഭവ്. സംഭവത്തിൽ ഇസ്രായേലും ഐക്യരാഷ്ട്ര സംഘടനയും വെവ്വേറെ അന്വേഷണങ്ങൾക്ക് ഉത്തരവിട്ടുണ്ട്. നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം യുഎന്നുമായും ഇസ്രായേലുമായും ഉദ്യോഗസ്ഥന്റെ ഭൗതികശരീരം ഇന്ത്യയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയിരുന്നു.















