തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇന്ന് രാവിലെ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലാണ് ഗണഗീതത്തിലെ വരികൾ ഉൾപ്പെടുത്തിയിരിക്കുന്നത്. അമരരാകുക പ്രിയരെ എന്ന ഒറ്റവരി മാത്രമാണ് സ്വന്തമാക്കിയിരിക്കുന്നത്. യുകെയിലെ ടിൽഗേറ്റ് പാർക്ക് സന്ദർശനവേളയിലെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഗണഗീതം ആണെന്ന് അറിയാതെയാണോ ഗണഗീതം പങ്കുവച്ചിരിക്കുന്നതെന്നാണ് സഖാക്കൾ ചോദിക്കുന്നത്.

ഗണഗീതം കോപ്പി അടിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും ടീച്ചറുടെ പേരിലുള്ള ട്രോളുകളും നിറഞ്ഞു. മോഷണം ഒരു കലയാണ്, ദീപാ ജിയെന്ന് വിളിക്കേണ്ടി വരുമോ ദൈവമേ എന്നിങ്ങനെയാണ് ട്രോൾ ഗ്രൂപ്പുകളിൽ ടീച്ചർക്ക് നേരെയുള്ള പരിഹാസം. ആവേശം കൂടിയപ്പോൾ ഇത്തവണ കോപ്പിയടിച്ചത് ഗണഗീതം. ശ്രദ്ധിക്കണ്ടേ അമ്പാനേ എന്ന് രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കറും ദീപാ നിശാന്ത് ജിക്കൊരു നമസ്‌തേ പറയൂ മിത്രങ്ങളേ എന്ന് സന്ദീപ് ജി വാര്യരും ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
മാർക്‌സിന്റെ ശവകുടീരത്തിൽ പോയി ഒരു ഇൻക്വലാബ് കൂടി വിളിക്കുന്ന ഫോട്ടോ കൂടി ഇടണമെന്നാണ് സഖാക്കൾ പോസ്റ്റിന് താഴെ കുറിച്ചത്. നേരത്തെയും സമാനമായ രീതിയിൽ ദീപ നിശാന്ത് കവിത കോപ്പിയടിച്ചത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
















