പത്തനംതിട്ട: ഭാര്യയുമായി വേർപിരിഞ്ഞിട്ടും തന്നെ കൂടെ കൂട്ടാത്ത കാമുകന്റെ വീടിന് തീയിട്ട കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. കാമുകി സുനിത, സുഹൃത്ത് സതീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ജീവിതപങ്കാളിയാക്കാത്തതിന്റെ വിരോധത്തിൽ പോഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിനും ബൈക്കിനുമാണ് ഇവർ തീയിട്ടത്.
ദീർഘനാളായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇതേത്തുടർന്ന് സുനിതയുടെ ഭർത്താവും രാജ്കുമാറിന്റെ ഭാര്യയും വിവാഹബന്ധം ഉപേക്ഷിച്ചുപോയി. ഭാര്യ ഉപേക്ഷിച്ചിട്ടും തന്നെ വിവാഹം കഴിക്കാൻ തയ്യാറാകാതെ വന്നതോടെയാണ് ആരുമില്ലാത്ത സമയത്ത് വീടിനും വാഹനത്തിനും തീയിട്ടത്. നാട്ടുകാരെത്തിയാണ് തീയണച്ചത്.
സംഭവത്തിൽ രാജ്കുമാർ പരാതി നൽകിയിട്ടില്ല. പെരുനാട് പൊലീസ് സ്വമേധയാ കേസെടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു. മുമ്പ് മന്ത്രവാദത്തിലൂടെ രാജ്കുമാറിനെ കൊല്ലാനും സുനിത ശ്രമം നടത്തിയിരുന്നു. ബൈക്ക് കൂടാതെ കഴിഞ്ഞ മാസം ഇയാളുടെ കാറും കത്തിനശിച്ചിരുന്നു.