എറണാകുളം: സിസി മുടങ്ങിയതിന് വാഹനം പിടിച്ചെടുത്ത് 20-കാരനെ മർദിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ഉമേഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. കാർ പിടിച്ചെടുത്തതിന് ശേഷം ഉമേഷ് ഉടമയായ ഇരുപതുകാരനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മർദിച്ചെന്നാണ് ആരോപണം.
പിടിച്ചെടുത്ത വാഹനം പൊലീസുകാരൻ ക്വാർട്ടേഴ്‌സിൽ കൊണ്ടുപോയി ഇടുകയായിരുന്നു. പിന്നീട് മർദിച്ചും അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും സിസി അടപ്പിക്കാനുള്ള ശ്രമം നടത്തിയെന്നും പരാതിയിൽ പറയുന്നു.
ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് സിപിഒ ഉമേഷിനെതിരെ നടപടിയെടുത്തത്. ചേരാനെല്ലൂർ സി.ഐ. അന്വേഷണത്തിന്റെ ഭാഗമായി നോർത്ത് സ്റ്റേഷനിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശരിയാണെന്ന് വ്യക്തമായതോടെയാണ് സസ്‌പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ കൂടുതൽ വകുപ്പുതല നടപടികൾ ഉണ്ടായേക്കുമെന്നാണ് വിവരം.















