തെങ്കാശി : തമിഴ്‌നാട്ടിൽ തെങ്കാശിയിലെ പഴയ കുറ്റാലം വെളളച്ചാട്ടത്തിന് സമീപം ഉണ്ടായ മിന്നൽ പ്രളയത്തിൽ ഒരാൾ മരിച്ചു. അശ്വിനാണ് മരിച്ചത്. മിന്നൽ പ്രളയത്തെ തുടർന്ന് കാണാതായ അശ്വിന്റെ മൃതദേഹം പിന്നീട് ഇരട്ടൈ കൽവായ് എന്ന പ്രദേശത്തു നിന്നും കണ്ടെത്തുകയായിരുന്നു.
ചുട്ടുപൊളളിയ വേനലിന് ശേഷം തമിഴ്‌നാട്ടിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴ പെയ്യുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ കന്യാകുമാരി ജില്ലയിൽ 7 സെൻ്റീമീറ്ററും തിരുച്ചെന്തൂർ, തൂത്തുക്കുടി, വാൽപാറ, തിരുവാരൂർ എന്നീ സ്‌ഥലങ്ങളിൽ 6 സെൻ്റീമീറ്ററും തെങ്കാശിയിൽ 3 സെൻ്റീമീറ്ററും മഴ രേഖപ്പെടുത്തി. അതേസമയം, തേനി, ദിണ്ടിഗൽ, തെങ്കാശി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നാളെ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
നീലഗിരി, കോയമ്പത്തൂർ, ഈറോഡ്, സേലം, ധർമപുരി, കൃഷ്ണഗിരി, തിരുപ്പത്തൂർ, കന്യാകുമാരി, തിരുനെൽവേലി, തിരുപ്പൂർ, വിരുദുനഗർ, തൂത്തുക്കുടി, മധുര ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത 5 ദിവസങ്ങളിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.















