ലക്‌നൗ: അമേഠിയിലെ തോൽവി എന്തുകൊണ്ടാണ് കോൺഗ്രസിനെ ഇത്രയധികം വേദനിപ്പിക്കുന്നത് എന്ന് അറിയില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തനിക്ക് പദവിയോ അധികാരമോ ഇല്ലെന്നാണ് അവർ പറയുന്നത്. പോളിംഗ് ബൂത്തുകൾ കൊള്ളയടിച്ചവരാണ് ഒരു സാധാരണ പാർട്ടി പ്രവർത്തകയോട് മണ്ഡലത്തിൽ തോറ്റതെന്നും സ്മൃതി ഇറാനി പരിഹസിച്ചു.
സാധാരണക്കാരായ പാർട്ടി പ്രവർത്തകർ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചത് നെഹ്‌റു കുടുംബത്തിന് ഇഷ്ടപ്പെടുന്നില്ലെന്നും അവർ പറഞ്ഞു. രാജീവ് ഗാന്ധിക്കെതിരെ അമേഠിയിൽ മഹാത്മാഗാന്ധിയുടെ ചെറുമകൻ രാജ്മോഹൻ ഗാന്ധി മത്സരിച്ചപ്പോൾ 97 ബൂത്തുകൾ ജയിക്കാനായി കോൺഗ്രസ് 97 ബൂത്തുകൾ പിടിച്ചെടുത്തുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നുവെന്ന് സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി.
2014ലെ തെരഞ്ഞെടുപ്പിൽ രാഹുലിന്റെ വിജയം ഉറപ്പിക്കാൻ 1,00,000 വോട്ടുകൾ മണ്ഡലത്തിലേക്ക് പുതുതായി ചേർത്തിരുന്നുവെന്ന് യുപി മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവും പറഞ്ഞിരുന്നു. അമേഠിയിൽ രാജീവ് ഗാന്ധിക്കെതിരെ മനേകാ ഗാന്ധി മത്സരിച്ചപ്പോൾ കോൺഗ്രസുകാർ അവരെയും വ്യക്തിപരമായി അധിക്ഷേപിച്ചുവന്ന് സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കോട്ടയായ അമേഠി സ്മൃതി ഇറാനിയിലൂടെ ബിജെപി സ്വന്തമാക്കിയിരുന്നു. സ്മൃതിയോട് കനത്ത പരാജയമാണ് രാഹുലിന് ഏറ്റുവാങ്ങേണ്ടി വന്നത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാൽ ശർമ്മയാണ് ഇത്തവണ സ്മൃതിയുടെ എതിരാളി.