തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയ കുപ്രസിദ്ധ ഗുണ്ട കാട്ടിലെ കണ്ണനെന്ന വിമൽ മിത്ര (23) ഗുണ്ടാ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി. വെങ്ങാനൂർ മുട്ടയ്‌ക്കാട് വെള്ളാർ അരിവാൾ കോളനി സ്വദേശിയാണ്.
നാട്ടുകാർക്ക് നിരന്തര ശല്യമായ ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. പ്രദേശവാസികളുടെ സമാധാന ജീവിതത്തിന് പ്രതി തടസമാണെന്ന് ചൂണ്ടിക്കാട്ടി കോവളം എസ്.എച്ച്ഒ സജീവ് ചെറിയാൻ കളക്ടർക്കും ഫോർട്ട് അസി. കമ്മിഷണർക്കും നൽകി റിപ്പോർട്ടിനെ തുടർന്നാണ് നടപടി. കളക്ടറാണ് ഇയാളെ കരുതൽ തടങ്കലിലാക്കാൻ ഉത്തരവിട്ടത്.
അടിപിടി, പിടിച്ചുപറി, കാെലപാതകശ്രമം, സ്ത്രീകൾക്കെതിരെയുള്ള അക്രമം തുടങ്ങി 20 ഓളം കേസുകളുണ്ട് ഇയാളുടെ പേരിൽ. ആറ്റിങ്ങൽ കോവളം പൊലീസ് സ്റ്റേഷനുകളിലാണ് പരാതികളിലധികവും.