ന്യൂഡൽഹി: തൊഴിൽ തേടി ലാവോസിലേക്കും കംബോഡിയയിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പിമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കംബോഡിയയിലും തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലും ജോലിക്കായി പോകുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രതപാലിക്കണമെന്നും അംഗീകൃത ഏജൻസികളെ മാത്രമേ വിശ്വസിക്കാവൂവെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ രാജ്യങ്ങളിലേക്ക് ജോലി തേടിപ്പോകുന്നവർ വിദേശകാര്യമന്ത്രാലയം അംഗീകരിച്ച അംഗീകൃത ഏജന്റുമാർ വഴിയാണോ റിക്രൂട്ട്‌മെന്റ് എന്ന് പരിശോധിക്കണമെന്നും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ, കസ്റ്റമർ സപ്പോർട്ട് സർവീസ് പോലെയുള്ള തസ്തികകൾക്കായി വ്യാജ തൊഴിലവസരങ്ങൾ പരസ്യപ്പെടുത്തി വഞ്ചനാപരമായ മാർഗ്ഗങ്ങളിലൂടെ ആളുകളെ ആകർഷിക്കുന്ന സംഭവങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
സൈബർ ക്രൈമും മനുഷ്യക്കടത്തും പോലുളള കുറ്റകൃത്യങ്ങളാണ് റിക്രൂട്ട്‌മെന്റിന്റെ മറവിൽ നടക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. ദുബായ്, ബാങ്കോക്ക്, സിംഗപ്പൂർ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഇന്ത്യൻ പൗരന്മാരെ സജീവമായി റിക്രൂട്ട് ചെയ്യുന്നുണ്ട്. റിക്രൂട്ട്‌മെൻ്റ് പ്രക്രിയയിൽ അഭിമുഖം, ടൈപ്പിംഗ് ടെസ്റ്റ് പോലുള്ളവ ഉൾപ്പെടുത്തി ഹോട്ടൽ താമസസൗകര്യങ്ങൾ, മടക്കയാത്ര തുടങ്ങിയ ആകർഷകമായ പാക്കേജുകളോടുകൂടി ഉദ്യോഗാർത്ഥികളെ ആകർഷിക്കും. എന്നാൽ ജോലിയിൽ പ്രവേശിച്ചാൽ നിരന്തരമായ ശാരീരിക, മാനസിക പീഡനത്തിന് വിധേയമായി പ്രവർത്തിക്കാൻ നിർബന്ധിതമാകുമെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.
തായ്‌ലൻഡിലോ ലാവോസിലോ വിസ ഓൺ അറൈവൽ തൊഴിൽ അനുവദിക്കുന്നില്ലെന്നും അത്തരം വിസകളിൽ ലാവോസിലേക്ക് വരുന്ന ഇന്ത്യൻ പൗരന്മാർക്ക് ലാവോ അധികാരികൾ വർക്ക് പെർമിറ്റ് നൽകുന്നില്ലെന്നും മന്ത്രാലയം പറഞ്ഞു. വിശദാംശങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് എന്തെങ്കിലും സഹായത്തിനോ വ്യക്തതയ്‌ക്കോ വേണ്ടി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.















