ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ ഭരണത്തിനെതിരെ ആഞ്ഞടിച്ച് ചെന്നൈ സൗത്തിലെ ബിജെപി ലോക്‌സഭാ സ്ഥാനാർത്ഥി ഡോ. തമിഴിസൈ സൗന്ദരരാജൻ. തമിഴ്‌നാട്ടിൽ ലഹരിക്കടത്തും അക്രമ സംഭവങ്ങളും വർധിച്ചു വരുന്നതായി പറഞ്ഞ തമിഴിസൈ സൗന്ദരരാജൻ സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെയാണ് ലഹരിക്കടത്തും അതുമൂലമുണ്ടാകുന്ന അക്രമ സംഭവങ്ങളും നടക്കുന്നതെന്ന് ആരോപിച്ചു.
തമിഴ്നാട് സംസ്കാരത്തിന്റെ ഭാഗമായിരിക്കുകയാണ് ഇപ്പോൾ ലഹരിക്കടത്തും അക്രമ സംഭവങ്ങളും. വർധിച്ചു വരുന്ന ഈ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഭരണകക്ഷിയായ ഡിഎംകെ സ്വീകരിക്കുന്നത്. ലഹരിക്കടത്തിനും അക്രമങ്ങൾക്കും പിന്നിൽ ഡിഎംകെ അംഗങ്ങളും ഭാരവാഹികളും ഉണ്ടെന്നും അവർ പറഞ്ഞു. തമിഴ്‌നാട്ടിൽ പോലീസും മയക്കുമരുന്ന് കച്ചവടക്കാരും തമ്മിൽ അവിശുദ്ധ ബന്ധം പുലർത്തുകയാന്നെന്ന പൊതുതാൽപര്യ ഹർജിയിന്മേൽ ഇന്നലെ മധുരൈ കോടതി സർക്കാരിനെ വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്‌ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണർ കൂടിയായ തമിഴിസൈ രംഗത്തുവന്നത്.
“ഇന്നലെ തിരുനെൽവേലിയിൽ, ഒരു ബസിന്റെ സീറ്റിനു താഴെ തോക്കുകളും കത്തികളും ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഭാഗ്യവശാൽ, ഞാൻ വന്ദേ ഭാരത് എക്‌സ്‌പ്രസിലായിരുന്നു യാത്രചെയ്തിരുന്നത്”. മയക്കുമരുന്നിന്റെയും അക്രമത്തിന്റെയും സംസ്‌കാരം തമിഴ്‌നാട്ടിലെ ഡിഎംകെ സംസ്‌കാരത്തിൽ നിന്ന് വ്യത്യസ്തമല്ലെന്നും അവർ കൂട്ടിച്ചേർത്തു.















