സൂററ്റ്; രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതി തയ്യാറാക്കികൊണ്ടിരുന്ന ഒരു തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പൊലീസ്. സൊഹൈൽ എന്ന് വിളിക്കുന്ന മൗലവിയുടെ അറസ്റ്റോടെയാണ് കേസിൽ നിർണായക തെളിവുകൾ ലഭിച്ചതെന്ന് ഗുജറാത്ത് പൊലീസ് കമ്മീഷണർ.
ഇയാൾ നൽകിയ വിവരം അനുസരിച്ചാണ് കൂടുതൽ പേർ വലയിലായത്്. ഇവരുടെ നീക്കങ്ങളെയും പ്രവൃത്തികളെയും കുറിച്ച് എൻഐഎയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്ന് പൊലീസ് കമ്മീഷണർ അനുപം സിംഗ് ഗെലോട്ട് പറഞ്ഞു.
മെയ് ആദ്യ ആഴ്ചയിലാണ് സൂററ്റിൽ നിന്ന് സൊഹൈൽ മൗലവി അറസ്റ്റിലാകുന്നത്. വിശദമായി ചോദ്യം ചെയ്തതോടെ താൻ കൂടി പങ്കാളിയായ തീവ്രവാദ സംഘത്തെക്കുറിച്ചും ഇയാൾ വെളിപ്പെടുത്തി. തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്. ഇയാളിൽ നിന്ന് രണ്ട് വോട്ടർ ഐഡന്റിന്റി കാർഡുകളും സൂററ്റിൽ നിന്നും മഹാരാഷ്‌ട്രയിലെ നവാപുരയിൽ നിന്നുമുളള രണ്ട് ജനന സർട്ടിഫിക്കറ്റുകളും കണ്ടെടുത്തിരുന്നു.
ഇയാളിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് ഷെഹ്നാസ് എന്ന് വിളിക്കുന്ന മുഹമ്മദ് അലിയെയും അറസ്റ്റ് ചെയ്തത്. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ സിംകാർഡ് നേപ്പാളിൽ നിന്നുളളതാണ്, എന്നാൽ മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്ന് പൊലീസ് എത്തിയത് മുസാഫർപൂരിലാണ്. ഒരു ഫോൺ ഉപയോഗിക്കുന്ന ഇയാളുടെ കൈവശം 17 സിം കാർഡുകളായിരുന്നു ഉണ്ടായിരുന്നത്.
42 ഓളം ഇ മെയിൽ വിലാസങ്ങളും ഇയാളുടെ പേരിലുണ്ട്. ഭീഷണിസന്ദേശങ്ങൾ അയയ്‌ക്കാൻ ഉൾപ്പെടെ ലക്ഷ്യമിട്ടായിരുന്നു ഇതെന്നും പൊലീസ് പറഞ്ഞു. റാസ എന്ന മറ്റൊരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് എത്തിയപ്പോൾ ഫോൺ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിവരങ്ങൾ വീണ്ടെടുത്തിട്ടുണ്ട്. ഇതും പരിശോധിക്കും.















