ന്യൂഡൽഹി: ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമായി കണക്കാക്കണമെന്ന പ്രസ്താവന ഏറെ പ്രതിഷേധാർഹമായ ഒന്നാണെന്ന് കേന്ദ്ര ആഭ്യന്തര അമിത് ഷാ. ഇനിയും രാജ്യത്തെ വിഭജിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യ, ദക്ഷിണേന്ത്യ എന്നിങ്ങനെ രാജ്യത്തെ വിഭജിക്കണമെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രസ്താവന ഇതുവരെയും കോൺഗ്രസ് തള്ളിപ്പറഞ്ഞിട്ടില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തെ ഇനി വിഭജിക്കാൻ കഴിയില്ല. ഒരു മുതിർന്ന കോൺഗ്രസ് നേതാവ് രാജ്യത്തെ ഉത്തരേന്ത്യയെന്നും ദക്ഷിണേന്ത്യയെന്നുമാക്കി വിഭജിക്കണമെന്ന് പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ ഇതുവരെയും കോൺഗ്രസ് നേതൃത്വം തിരുത്തിയിട്ടില്ല. രാജ്യത്തെ ജനങ്ങൾ കോൺഗ്രസിന്റെ അജണ്ടയെ കുറിച്ച് ചിന്തിക്കേണ്ടതാണെന്നും അമിത് ഷാ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ദക്ഷിണേന്ത്യയിൽ മികച്ച വിജയം കാഴ്ചവയ്‌ക്കും. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന , കർണാടക എന്നീ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി ഏറ്റവും വലിയ കക്ഷിയാകാൻ പോവുകയാണ്. ഉത്തരേന്ത്യ തികച്ചും വ്യത്യസ്തമായ രാജ്യമായി മാറിക്കഴിഞ്ഞുവെന്ന ബിആര്‍എസ് നേതാവ് കെ ടി രാമറാവുവിന്റെ വാദത്തെയും അമിത് ഷാ വിമർശിച്ചു. ആരെങ്കിലും ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണമെന്ന് പറഞ്ഞാല്‍ അത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിആര്‍എസ് നേതാവ് കെ ടി രാമറാവു മുമ്പ് എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും പ്രത്യേക രാജ്യം പോലെ വേര്‍തിരിവ് നിലനില്‍ക്കുന്നതെന്ന് അഭിപ്രായപ്പെട്ടത്. ഉത്തരേന്ത്യയിലെ പ്രശ്നങ്ങൾ തികച്ചും വ്യത്യസ്തമാണ്. അത് വേറൊരു ലോകമാണ്. അവിടെ നിന്നും വ്യത്യസ്തമാണ് ദക്ഷിണേന്ത്യയിലെ പ്രശ്നങ്ങൾ. ദക്ഷിണേന്ത്യയിൽ ബിജെപിക്ക് സ്വാധീനം കുറവാണെന്നുമായിരുന്നു കെ ടി രാമറാവു എൻഐഎയോട് നേരത്തെ പറഞ്ഞത്.















