മുംബൈ: ഡോ. ബി.ആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടന ഒരു സർക്കാരിനും മാറ്റാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടന മാറ്റുമെന്ന കോൺഗ്രസിന്റെ കുപ്രചരണങ്ങൾക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. ഭരണഘടനയെ ഇല്ലാതാക്കുന്ന പ്രവർത്തികൾ ബിജെപി ഒരിക്കലും ചെയ്യില്ലെന്നും വ്യാജ പ്രചരണങ്ങൾ നടത്തി കോൺഗ്രസ് ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണെന്നും നിതിൻ ഗഡ്കരി പറഞ്ഞു. മുംബൈയിൽ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ഡോ. ബി. ആർ അംബേദ്കർ സൃഷ്ടിച്ച ഭരണഘടന മാറ്റാൻ ഒരു സർക്കാരിനും അനുമതിയില്ല. അതിലെ വകുപ്പുകളിൽ ഭേദഗതി വരുത്താൻ മാത്രമേ സർക്കാരിന് സാധിക്കുകയുള്ളൂ. കോൺഗ്രസ് ഇത്തരത്തിൽ 80 തവണയോളം വകുപ്പുകളിൽ ഭേദഗതികൾ വരുത്തി പാപം ചെയ്തിട്ടുണ്ട്. അവരാണ് ഇപ്പോൾ ബിജെപി ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന വ്യാജ പ്രചാരണങ്ങൾ പരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്.”- നിതിൻ ഗഡ്കരി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങൾക്കായി സേവനം അനുഷ്ഠിക്കുന്ന വ്യക്തിയാണ്. സബ് കാ സാത്ത്, സബ് കാ വികാസ് എന്ന നയമാണ് അദ്ദേഹം പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. ജനങ്ങളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും പ്രവർത്തിക്കുന്നുവെന്നും വിവേചനങ്ങളില്ലാതെയാണ് ഓരോരുത്തരിലും ആനുകൂല്യങ്ങളെത്തുന്നതെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.