ന്യൂഡൽഹി : രാജ്യസഭാ എംപിയായ സ്വാതി മലിവാൾ ആക്രമണത്തിനിരയായ സംഭവത്തിൽ ആം ആദ്മി പാർട്ടിക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ആം ആദ്മി പാർട്ടിക്ക് യാതൊരു വിധത്തിലുള്ള വിശ്വാസ്യത ഇല്ലെന്നും, അരവിന്ദ് കെജ്‌രിവാളിന്റെ യഥാർത്ഥ മുഖം ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാണിക്കപ്പെട്ടെന്നും ജെ പി നദ്ദ വിമർശിച്ചു. ആ പാർട്ടിക്കുള്ളിലെ നേതാക്കളെ പോലെ തന്നെ നുണകളുടെ ഒരു കൂമ്പാരത്താൽ കെട്ടിപ്പൊക്കപ്പെട്ട പാർട്ടിയാണ് ആംആദ്മിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നദ്ദയുടെ വിമർശനം.
” നുണകൾ കൊണ്ട് കൊട്ടിപ്പൊക്കിയ ഒരു പാർട്ടിയാണ് ആം ആദ്മി. അവരുടെ വിശ്വാസ്യത എന്ന് പറയുന്നത് പൂജ്യമല്ല, മൈനസ് ആണ്. ജനങ്ങൾക്ക് മുന്നിൽ കെജ്‌രിവാളിന്റെ മുഖം തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. രാഷ്‌ട്രീയത്തിലേക്ക് ഒരിക്കലും കടക്കില്ലെന്നാണ് ഇയാൾ നേരത്തെ പറഞ്ഞ് കൊണ്ടിരുന്നത്. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കരുത്, ബംഗ്ലാവും വാഹനങ്ങളും എടുക്കരുത്, അഴിമതി നടത്തില്ല, സ്ത്രീകളെ ബഹുമാനിക്കണം എന്നെല്ലാം കെജ്‌രിവാൾ പറയുമായിരുന്നു. ഇതിൽ ഏത് കാര്യമാണ് അദ്ദേഹം പാലിച്ചിട്ടുള്ളത്. സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണ് തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ആം ആദ്മി വിട്ടുവീഴ്ച ചെയ്തത്.
കെജ്‌രിവാളിന്റെ വീടിനുള്ളിലാണ് ഒരു സ്ത്രീക്കെതിരായ അതിക്രമം നടന്നത്. എന്നാൽ അദ്ദേഹം നിശബ്ദത പാലിച്ചു. ഇത് ബിജെപിയുടെ ഗൂഢാലോചനയാണെന്നാണ് ആംആദ്മിയിലെ ചിലരുടെ ആരോപണം. അങ്ങനെ ആണെങ്കിൽ ഇത് സംബന്ധിച്ച് ചോദ്യം ഉയർന്നപ്പോൾ മുന്നിലുണ്ടായിരുന്ന മൈക്ക് അദ്ദേഹം മാറ്റിയത് എന്തിനാണ്. സ്ത്രീകളെ ആക്രമിക്കുന്നതും, അവരോട് അനാദരവ് കാണിക്കുന്നതും സംബന്ധിച്ചുള്ള ചോദ്യത്തിന് എന്താണ് കെജ്‌രിവാൾ മറുപടി കൊടുക്കാത്തതെന്നും” നദ്ദ ചോദിച്ചു. അഖിലേഷ് യാദവിനൊപ്പം പത്രസമ്മേളനത്തിന് എത്തിയപ്പോൾ സ്വാതി മലിവാളിന് നേരെയുണ്ടായ അതിക്രമത്തെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യം അവഗണിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു നദ്ദയുടെ വിമർശനം.
സ്വാതി മലിവാൾ ബിജെപിയോട് സഹായം ചോദിച്ചുവെന്ന തരത്തിൽ ഉയരുന്ന ആരോപണങ്ങളേയും നദ്ദ തള്ളി. ” അവർ ഒരിക്കൽ പോലും ബിജെപിയെ സമീപിച്ചിട്ടില്ല. ഞങ്ങൾ സംസാരിച്ചിട്ടുമില്ല. ബിജെപിയുടെ പ്രവർത്തനശൈലിയല്ല അത്. നിങ്ങൾ ചെയ്യുന്ന കുറ്റങ്ങൾ പിടിക്കപ്പെടുമ്പോൾ എന്തിനാണ് മറ്റുള്ളവരുടെ മേൽ പഴി ചാരുന്നത്. യാതൊരു വിശ്വാസ്യതയും അവർക്കില്ല. അതുകൊണ്ട് തന്നെ സ്വന്തം ഭാഗം ന്യായീകരിക്കാൻ ഏത് രീതിയിലുള്ള ആരോപണവും അവർ ഉന്നയിക്കും. എന്നാൽ ഇതിൽ നിന്ന് ആം ആദ്മിക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും” നദ്ദ പറഞ്ഞു.















