ബെംഗളൂരു: കർണാടക, തമിഴ്‌നാട്, കേരളം, തെലങ്കാന, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളിലെ ആനകളുടെ കണക്കെടുപ്പ് ഈ മാസം 23 മുതൽ മേയ് 25 വരെ നടക്കും. സാധാരണയായി അഞ്ച് വർഷത്തിലൊരിക്കൽ മുഴുവൻ വനമേഖലയിലേയും ആനകളുടെ കണക്കെടുപ്പ് നടക്കാറുണ്ട്. എന്നാൽ ഇത്തവണ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽ മാത്രമായിരിക്കും നടത്തുകയെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
” 2024 മാർച്ചിൽ ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ നടന്ന അന്തർ സംസ്ഥാന ഏകോപന സമിതി യോഗത്തിലാണ് ഇത്തരമൊരു കണക്കെടുപ്പിന് തീരുമാനമായത്. ഇതിലൂടെ ആനകളുടെ പ്രദേശം, മനുഷ്യ-മൃഗ സംഘർഷത്തിന്റെ കാരണങ്ങൾ തുടങ്ങിയവ കൂടുതൽ വ്യക്തമായി മനസിലാക്കാൻ സാധിക്കും. കൃത്യമായി ആസൂത്രണം ചെയ്ത് പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നു.”- കർണാടക വനംവകുപ്പിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
അടുത്തിടെ റേഡിയോ- കോളർ ഘടിപ്പിച്ച മോഴ ആനയെ കർണാടക കേരള വനാതിർത്തിക്ക് സമീപം കൊണ്ടുവന്ന് വിട്ടിരുന്നു. ഇത് വയനാട്ടിൽ ഇറങ്ങുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് അന്തർ സംസ്ഥാന സമ്മേളനം നടന്നത്. മനുഷ്യ-മൃഗ സംഘർഷം കുറയ്‌ക്കുന്നതിനായി അന്തർ സംസ്ഥാന ഏകോപന സമിതി ചാർട്ടർ പുറത്തുവിട്ടിരുന്നു.
2024 മാർച്ച് 10-ന് കർണാടക, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ ചീഫ് വൈൽഡ് ലൈഫ് വാർഡൻമാരും വനംവകുപ്പ് മേധാവികളും ചാർട്ടറിൽ ഒപ്പുവച്ചു. 2022-23 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തിയ ആനകളുടെ കണക്കെടുപ്പിൽ കർണാടകയാണ് മുന്നിട്ട് നിൽക്കുന്നത്. 6,395 ആനകളെയാണ് കർണാടകയിൽ കണക്കെടുപ്പിലൂടെ കണ്ടെത്തിയത്.