വൈദ്യുതാഘാതമേറ്റ് ഹൃദയമിടിപ്പ് നിലച്ച ആറുവയസ്സുകാരന് റോഡിൽ വച്ച് സിപിആർ നൽകി ജീവൻ രക്ഷിച്ച് ഡോക്ടർ . വിജയവാഡയിലെ അയ്യപ്പനഗറിലാണ് സംഭവം.
സായി എന്ന 6 വയസുകാരനാണ് റോഡിൽ വച്ച് വൈദ്യുതാഘാതമേറ്റ് കുഴഞ്ഞു വീണത് .ഓടിക്കൂടിയ ആളുകളും , സായിയുടെ മാതാപിതാക്കളും പരിഭ്രാന്തരായി നിൽക്കവേയാണ് അതുവഴി പോകുകയായിരുന്ന റവാലി എന്ന വനിതാ ഡോക്ടർ രക്ഷകയായി എത്തിയത് . കുട്ടിയ്‌ക്ക് ഹൃദയമിടിപ്പ് നിലയ്‌ക്കാൻ തുടങ്ങിയതായി മനസിലാക്കിയ റവാലി ഉടൻ തന്നെ സിപിആർ നൽകാൻ തുടങ്ങുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്, അതിൽ ഡോ. റവാലി കുട്ടിയുടെ നെഞ്ചിൽ കൈകൊണ്ട് തുടർച്ചയായി അമർത്തുന്നതും ഏറെ നേരത്തെ ശ്രമങ്ങൾക്ക് ശേഷം, കുട്ടി ബോധത്തിലേക്ക് തിരികെ വരുന്നതും കാണാം. പിന്നീട് കുട്ടിയെ തുടർചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റി .















