ഗുരുവായൂർ അമ്പലമാണെന്ന് കരുതി സിനിമ സെറ്റിൽ പ്രാർത്ഥിക്കുന്ന സ്ത്രീയുടെ വീഡിയോ പങ്കുവച്ച് ‘ഗുരുവായൂരമ്പലനടയിൽ’ സിനിമയുടെ സംവിധായകൻ. ‘ഗുരുവായൂരമ്പലനടയിൽ സ്ഥിരമുള്ള കാഴ്ചകളിൽ ഒന്ന്!! എല്ലാ ക്രെഡിറ്റും ആർട്ട് ഡയറക്ടർ സുനിലേട്ടനുള്ളതാണ്’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സിനിമാ ചിത്രീകരണത്തിനായി ഗുരുവായൂർ അമ്പലത്തിന്റെ സെറ്റ് ഒരുക്കിയിരുന്നു. ഇത് യഥാർത്ഥ ക്ഷേത്രമാണെന്ന് ധരിച്ചായിരുന്നു സ്ത്രീ തൊഴുത് പ്രാർത്ഥിച്ചത്.
സംവിധായകൻ വിപിൻ ദാസ് വീഡിയോ പങ്കുവച്ചതോടെ ഗുരുവായൂരമ്പല നടയിൽ ചിത്രത്തിന്റെ സെറ്റിനെ കുറിച്ചുള്ള ചർച്ചകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. കയ്പ്പോള, ഫാലിമി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കലാസംവിധായകൻ സുനിൽ കുമാരനാണ് യഥാർത്ഥ ഗുരുവായൂർ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള സെറ്റ് ഒരുക്കിയത്. സെറ്റിനായി മൂന്നരക്കോടിയാണ് മുടക്കിയതെന്നാണ് സൂചന.
പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷത്തിലെത്തിയ ‘ഗുരുവായൂരമ്പല നടയില്‍’ സിനിമയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു കല്യാണത്തെ ചുറ്റിപ്പറ്റി ഉണ്ടാവുന്ന പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയുള്ള കോമഡി എന്റർടെയ്നറാണ് ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ 4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണ്. അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി വി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. തമിഴ് താരം യോഗി ബാബുവിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റചിത്രം കൂടിയാണിത്.
View this post on Instagram















