ന്യൂഡൽഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ കസ്റ്റഡിയിലെടുത്തു. മാലിവാളിന്റെ പരാതിയെ തുടർന്നും മർദ്ദനമേറ്റന്ന മെഡിക്കൽ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ബൈഭവിനെ കസ്റ്റഡിയിലെടുത്തത്. ബൈഭവ് കുമാറിനെ ഇന്ന് തന്നെ തീസ് ഹസാരി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ബൈഭവിന്റെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
സംഭവ ദിവസമായ ഈ മാസം 13-ന് മാലിവാൾ അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ നിന്ന് ഇറങ്ങിപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ എഎപി പുറത്തുവിട്ടിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം മാലിവാൾ വസതിയ്‌ക്ക് പുറത്തിറങ്ങുന്നത് ദൃശ്യത്തിൽ കാണാം. എന്നാൽ വീഡിയോ പുറത്തുവന്നിട്ടും ബൈഭവിനെ ന്യായീകരിച്ചുകൊണ്ട് ഡൽഹി മന്ത്രി അദിഷി രംഗത്തെത്തി. മാലിവാൾ നുണ പറയുന്നുവെന്നായിരുന്നു അദിഷിയുടെ വാദം.
ഫോറൻസിക് സയൻസ് ലബോറട്ടറി സംഘത്തോടൊപ്പം ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിലെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. സ്വാതി മാലിവാളും അന്വേഷണ സംഘത്തോടൊപ്പമുണ്ടായിരുന്നു. നടന്ന കാര്യങ്ങൾ വിശദീകരിക്കാൻ മാലിവാളിനോട് പൊലീസ് ആവശ്യപ്പെടുകയും ചെയ്തു.
സ്വാതി മാലിവാളിന് മർദ്ദനമേറ്റെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ട് കഴിഞ്ഞ ദിവസം വന്നിരുന്നു. റിപ്പോർട്ട് പ്രകാരം മാലിവാളിന്റെ ഇടത് കാലിനും വലത് കവിളിലും മർദ്ദനമേറ്റിട്ടുണ്ട്.