ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ പൊതുവായി ആറ് പാർലിമെന്റ് മണ്ഡലങ്ങളായി വിഭജിച്ചിട്ടുണ്ട്. അഥവാ മുംബൈ എന്ന വാക്ക് ചേർന്ന് വരുന്ന ആറ് പാർലിമെന്റ് മണ്ഡലങ്ങൾ രാജ്യത്തുണ്ട്. Mumbai North, Mumbai North West, Mumbai North East,
Mumbai North Central, Mumbai South Central, Mumbai South, എന്നിവയാണ് അത്. ഇതിൽ ഏറ്റവും പ്രമുഖസ്ഥാനമുള്ള മണ്ഡലം ഉത്തര മുംബൈ അഥവാ മുംബൈ നോർത്ത് ആണ്.
ഈ മണ്ഡലത്തിന് കേരളവുമായി ചില സവിശേഷ ബന്ധങ്ങൾ ഉണ്ട്. മുംബൈ നോർത്തിൽ നിന്നും രണ്ടു മലയാളികൾ ലോക്സഭയിലേക്ക് ജയിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രതിരോധമന്ത്രി ആയിരുന്ന വി കെ കൃഷ്ണമേനോൻ, 1957 , 1962 എന്നീ വർഷങ്ങളിൽ ഉത്തർ മുംബൈയെ പ്രതിനിധീകരിച്ചു. ഇതിൽ 1962 ൽ അദ്ദേഹത്തിന്റെ എതിരാളി ആചാര്യ ജെ ബി കൃപലാനി ആയിരുന്നു.
എന്നാൽ പിന്നീട് 1967-ൽ, ബോംബെ പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റി മേനോൻ മഹാരാഷ്‌ട്രക്കാരനല്ലെന്ന കാരണം പറഞ്ഞ് മുംബൈയിൽ നിന്ന് സീറ്റ് നിഷേധിച്ചു. കോൺഗ്രസിൽ നിന്ന് രാജിവെച്ച മേനോൻ പാർലമെൻ്റിലെ അന്നത്തെ നോർത്ത് ഈസ്റ്റ് മുംബൈ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും കോൺഗ്രസ് സ്ഥാനാർത്ഥി റിട്ടയേർഡ് ഐസിഎസ് ഉദ്യോഗസ്ഥനായ എസ്ജി ബാർവെയോട് 13,169 വോട്ടിന്റെ വ്യത്യാസത്തിൽ പരാജയപ്പെടുകയും ചെയ്തു .
അതിനു ശേഷം 1980 ൽ വടക്കൻ മുംബൈയെ പാർലിമെന്റിൽ പ്രതിനിധീകരിച്ചമലയാളി മൊറാർജി ദേശായി മന്ത്രിസഭയിൽ തൊഴിൽ, പാർലമെൻ്ററി കാര്യ മന്ത്രിയായിരുന്ന മലയാളി രവീന്ദ്ര വർമ്മ എന്ന സോഷ്യലിസ്റ്റ് നേതാവായി മാറിയ മുൻ കോൺഗ്രെസ്സുകാരനാണ്.
1989 മുതൽ 1999 വരെ നടന്ന അഞ്ചു ലോകസഭാ തിരഞ്ഞെടുപ്പുകളിൽ ഉത്തര മുംബൈയെ പ്രതിനിധീകരിച്ചത് ബിജെപിയുടെ രാം നായ്‌ക്ക് ആയിരുന്നു . തുടർന്ന് 2004 , 2009 വർഷങ്ങളിൽ രാം നായ്‌ക്ക് പരാജയപ്പെട്ടു. 2014 ൽ ബോറിവെല്ലി എം എൽ എ ആയിരുന്ന ഗോപാൽ ഷെട്ടിയിലൂടെ ബിജെപി മണ്ഡലം തിരികെപ്പിടിച്ചു. 2019 ലും ഗോപാൽ ഷെട്ടി തന്നെ വിജയിച്ചു. 2014 ൽ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം ആയിരുന്നു തോറ്റ സ്ഥാനാർഥി എങ്കിൽ 2019 ആയപ്പോൾ കോൺഗ്രസ് കളത്തിലിറക്കിയത് സിനിമാ താരം ഊർമ്മിള മഡോങ്ങ്കറിനെ ആയിരുന്നു. ആക്കുറി 4,65,247 വോട്ടുകൾക്കാണ് ഗോപാൽ ഷെട്ടി വിജയിച്ചത്.
ഇക്കുറി വടക്കൻ മുംബൈയെ കാവിയണിയിക്കാൻ അങ്കത്തട്ടിൽ കയറിയത് കേന്ദ്ര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ പീയൂഷ് ഗോയൽ ആണ്. മഹാരാഷ്‌ട്ര സംസ്ഥാനത്തിൽ നിന്നുള്ള രാജ്യസഭാംഗമായ അദ്ദേഹം നിലവിൽ ബിജെപിയുടെ രാജ്യസഭയിലെ സഭാ നേതാവ് കൂടിയാണ് .
ടെക്സ്റ്റൈൽസ് , വാണിജ്യ-വ്യവസായ , ഉപഭോക്തൃകാര്യം, ഭക്ഷ്യ-പൊതുവിതരണം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയാണ് പീയുഷ് ഗോയൽ.
ചാർട്ടേഡ് അക്കൗണ്ടൻ്റായി കരിയർ ആരംഭിച്ച അദ്ദേഹം , 2001 മുതൽ 2003 വരെ മൂന്നാം വാജ്‌പേയി മന്ത്രിസഭയിൽ ഷിപ്പിംഗ് കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ച വേദപ്രകാശ് ഗോയലിന്റെയും മാട്ടുംഗയിൽ നിന്ന് മൂന്ന് തവണ ബിജെപി എംഎൽഎയായ ചന്ദ്രകാന്ത ഗോയലിന്റെയും മകനാണ്.മാട്ടുംഗയിലെ ഡോൺ ബോസ്‌കോ ഹൈസ്‌കൂളിലാണ് അദ്ദേഹം സ്‌കൂൾ വിദ്യാഭ്യാസം നടത്തിയത് . മുംബൈ സർവകലാശാലയിൽ നിന്ന് നിയമ ബിരുദം നേടിയിട്ടുണ്ട് .
ഇത്രയൊക്കെയുണ്ടെങ്കിലും പീയുഷ് ഗോയലിനെതിരെ ഉദ്ധവ് താക്കറെ ഇറക്കിയ തുറുപ്പ് ചീട്ട് കേവലമായ പ്രാദേശിക വാദമാണ്. മംഗാലപുരത്ത് കാരനായ ഗോപാൽ ചിന്നയ്യ ഷെട്ടിയെ ഏതാണ്ട് അഞ്ചു ലക്ഷത്തിനടുപ്പിച്ച് ഭൂരിപക്ഷത്തിൽ ഇന്ദ്രപ്രസ്ഥത്തിലേക്കയച്ച ഉത്തര മുംബൈ നിവാസികൾ പക്ഷെ ഉദ്ധവന്റെ ഔദ്ധത്യത്തെ ചവറ്റു കുട്ടയിൽ തള്ളിയെന്നാണ് ഗ്രൗണ്ട് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മുംബൈ മഹാനഗരത്തിന്റെ മുക്കും മൂലയും പരിചിതനായ പീയുഷ് ഗോയൽ നരേന്ദ്ര മോഡി സർക്കാരിന് വേണ്ടി വോട്ടു തേടി ജന ഹൃദയങ്ങൾ കീഴടക്കി എന്ന് തന്നെ പറയേണ്ടി വരും. മുൻ തിരഞ്ഞെടുപ്പിൽ ഷെട്ടി നേടിയ ഭൂരിപക്ഷത്തിനേക്കാൾ എത്ര കൂടുതൽ ഗോയൽ നേടും എന്നതാണ് ഇപ്പോൾ ഉത്തര മുംബൈയിലെ ചർച്ചാ വിഷയം.
രഞ്ജിത് ജി കാഞ്ഞിരത്തിൽ