ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ആംആദ്മി പാർട്ടിക്കുമെതിരായ കുറ്റപത്രം തിങ്കളാഴ്ച പരിഗണിക്കും. ഡൽഹി റോസ് അവന്യൂ കോടതിയാണ് പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. ഡൽഹി മദ്യനയ കേസിൽ ആംആദ്മി പാർട്ടിയെയും ഇഡി പ്രതി ചേർത്തിരുന്നു. മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എഎപിയെ പ്രതി ചേർക്കണമെന്ന് ഇഡി ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഈ മാസം 10-നാണ് സുപ്രീം കോടതി കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂൺ ഒന്ന് വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും സെക്രട്ടറിയേറ്റും സന്ദർശിക്കരുതെന്ന നിബന്ധനയോടെയായിരുന്നു കോടതി ഇടക്കാല ജാമ്യം നൽകിയത്.
2021-22 കാലത്തെ ഡൽഹി മദ്യനയ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21-നാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.