ചണ്ഡീഗഡ്: 70 വർഷത്തിലധികമായി കയ്യിൽ ബോംബ് വച്ച് ഭാരതത്തെ പ്രതിസന്ധിയിലാക്കാൻ ശ്രമിച്ച പാകിസ്താന്റെ പക്കൽ ഇന്ന് ഭിക്ഷാ പാത്രമാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്താരാഷ്‌ട്ര നാണയനിധിയിൽ നിന്നുള്ള കടമെടുപ്പുകളാണ് പാകിസ്താനെ പിടിച്ചുനിർത്തുന്നത്. ഇന്ത്യ ഭരിക്കുന്നത് കരുത്തുറ്റ നേതൃത്വമാതിനാലാണ് എതിരാളികൾ വെല്ലുവിളികളെ പറ്റി രണ്ടാമത് ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അംബാലയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വോട്ടെണ്ണലിന് ഇനി രണ്ടാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ഓരോ ഘട്ടങ്ങളിലും എൻഡിഎ മികച്ച പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്. 4-ാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസും ഇൻഡി മുന്നണിയിലെ മറ്റ് പ്രതിപക്ഷ പാർട്ടികളും പൂർണമായും ഇല്ലാതായെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ബാധിക്കുന്ന ഇൻഡി മുന്നണിയുടെ കള്ളക്കഥകളെ ഇല്ലാതാക്കിയത് ജനങ്ങളാണ്. അവർക്ക് നെല്ലും പതിരും വേർതിരിച്ചറിയാനാവും. രാജ്യവിരുദ്ധ ശക്തികളെ ഹരിയാനയിലെ ജനങ്ങൾക്ക് തിരിച്ചറിയാനാവുമെന്നും അവർ ഒരിക്കൽ കൂടി എൻഡിഎ സർക്കാരിന് ഭരണത്തുടർച്ച നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സായുധ സേനയെ ഉപയോഗിച്ചാണ് രാജ്യത്ത് ആദ്യമായി കോൺഗ്രസ് അഴിമതി നടത്തിയത്. ബൊഫോഴ്‌സ്, അന്തർവാഹിനി, ഹെലികോപ്ടർ അഴിമതികളാണ് രാജ്യത്തെ സായുധസേനയെ ദുർബലമാക്കിയത്. രാജ്യത്തെ സൈനികരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിന് പകരം ആയുധങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത് പണമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. ഭരണത്തുടർച്ച അവസാനിക്കുന്നത് വരെ അവർ അഴിമതികൾ തുടർന്നു കൊണ്ടേയിരുന്നു.
ഒരു കാലത്ത് നല്ല തോക്കുകൾ പോലും നമ്മുടെ സൈനികരുടെ പക്കലുണ്ടായിരുന്നില്ല. മികച്ച വെടിക്കോപ്പുകൾ പോലും ഇല്ലാതെ അവരോട് ഭീകരരുടെ വെടിയുണ്ടകളെ നേരിടാനാണ് യുപിഎ സർക്കാർ പറഞ്ഞത്. ഈ അവസ്ഥയ്‌ക്ക് മാറ്റം കൊണ്ടുവന്നത് എൻഡിഎ സർക്കാരാണ്. ആത്മനിർഭർ ഭാരതമെന്ന ലക്ഷ്യത്തിലേക്ക് നമ്മുടെ സൈന്യത്തെ നയിക്കാനും കേന്ദ്രസർക്കാരിന് കഴിഞ്ഞെന്ന് പ്രധാനമന്ത്രി പറഞ്ഞു.















