ഗാസിയബാദിലെ ഒരു ഫ്ളാറ്റിന് സമീപം ജനറേറ്റർ പൊട്ടിത്തെറിച്ചു. പ്രദേശത്തെയാകെ കറുത്ത പുക മൂടിയിട്ടുണ്ട്. സ്ഫോടനം ഉണ്ടായതിന് പിന്നാലെ ഫ്ളാറ്റിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു. പ്രദേശത്ത് പുക പടർന്നതോടെ നഗരവാസികൾക്ക് ശ്വാസ തടസമുണ്ടായെന്ന് റിപ്പോർട്ടുകളുണ്ട്.
ഇന്ദ്രപുരത്തെ അഹിൻസ ഖണ്ഡ് 2ൽ സ്ഥിതി ചെയ്യുന്ന അരിഹന്ത് സൊസൈറ്റിയിലെ ജനറേറ്ററാണ് തീപിടിച്ച് പൊട്ടിത്തെറിച്ചത്. ജനറേറ്റിന് തീപിടിച്ചതോടെ ഇത് കെടുത്താൻ ഫ്ളാറ്റിലെ താമസക്കാരുടെ ഭാഗത്ത് നിന്നുണ്ടായ ശ്രമം വിഫലമായിരുന്നു. തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
നിരവധി ഫയർ യൂണിറ്റുകളെത്തി മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് സൂചന. അതേസമയം ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. പൈപ്പ് ലൈൻ ഗ്യാസ് ചോർന്നതോടെയാണ് തീപിടിത്തം രൂക്ഷമായതെന്ന് അധികൃതർ വ്യക്തമാക്കി.