ന്യൂഡൽഹി: സംരംഭകനും പൈലറ്റുമായ ഗോപിചന്ദ് തോട്ടകുരയുടെ ബഹിരാകാശ വിനോദസഞ്ചാരത്തിന് നാളെ തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് 7 മണിക്കാണ് യാത്ര. ബഹിരാകാശത്തേക്ക് വിനോദസഞ്ചാരത്തിനായി പറക്കുന്ന ആദ്യ ഇന്ത്യക്കാരാനാണ് ഗോപിചന്ദ് തോട്ടകുര. ബ്ലൂ ഒർജിന്റെ ന്യൂ ഷെപ്പേർഡ്-25 മിഷനിലാണ് അദ്ദേഹം പങ്കാളിയാകുന്നത്. സമുദ്രനിരപ്പിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബഹിരാകാശ അതിർത്തി രേഖയായ കാർമൻ ലൈനിലേക്കാണ് യാത്ര. 30കാരനായ ഗോപിചന്ദിനൊപ്പം മറ്റ് നാല് പേർ കൂടി ദൗത്യത്തിന്റെ ഭാഗമാണ്.
ദൗത്യത്തിൽ പങ്കെടുക്കുന്ന ഗോപീചന്ദിന് ഇന്ത്യയിലെ ആദ്യ ബഹിരാകാശ സഞ്ചാരിയെന്ന ബഹുമതിയും സ്വന്തമാകും. കേവലം വ്യക്തിപരമായ നേട്ടമല്ല ഇതെന്നും ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിക്കുന്ന പുരോഗതിക്കും മാറ്റത്തിനും ലഭിക്കുന്ന അംഗീകാരമാണിതെന്നും ഗോപീചന്ദ് പ്രതികരിച്ചു. ഭാവി തലമുറയ്ക്ക് വലിയ സ്വപ്നങ്ങൾ കാണാനാവും. STEAM പഠനത്തിലൂടെ (സയൻസ്, ടെക്നോളജി, ഗണിതം, എൻജിനീയറിംഗ്, ബഹിരാകാശം) ഭാവിതലമുറയ്ക്ക് നക്ഷത്രങ്ങളിലേക്ക് എത്താനാവും. ഒരിക്കലും നടക്കില്ലെന്ന് കരുതിയത് നമുക്ക് ഒരുമിച്ച് നേടാമെന്നും ഗോപീചന്ദ് തോട്ടകുര പറഞ്ഞു.
ആരാണ് ഗോപിചന്ദ്
———————–
ഡ്രൈവിംഗ് പഠിക്കുന്നതിന് മുൻപേ വിമാനം പറത്താൻ പഠിച്ച വ്യക്തിയാണദ്ദേഹം. അറ്റ്ലാന്റ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് ഹാർട്ട്ഫീൽഡ് ജാക്സൺ പ്രിസർവ് ലൈഫ് കോർപ്പ് എന്ന സ്ഥാപനം ഗോപിചന്ദിന്റേതാണ്. ബുഷ് വിമാനങ്ങൾ, എയ്റോബാറ്റിക് വിമാനങ്ങൾ, സീ പ്ലേനുകൾ, ഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ എന്നിവയെല്ലാം പറത്താൻ ഗോപിചന്ദ് വിദഗ്ദനാണ്. 2000ലധികം എയർ ആംബുലൻസ് ദൗത്യങ്ങളുടെയും ഭാഗമായിട്ടുണ്ട്. പർവ്വതാരോഹകൻ കൂടിയാണ് അദ്ദേഹം.















