ന്യൂഡൽഹി: എഎപി നേതാവും പാർട്ടിയുടെ വനിതാ എംപിയുമായ സ്വാതി മാലിവാളിനെ തല്ലിയ കേസിൽ പേഴ്‌സണൽ അസിസ്റ്റന്റ് ബൈഭവ് കുമാറിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കെജ് രിവാൾ. ബിജെപി ഓഫീസിലേക്ക് നേതാക്കളുമായി എത്തുമെന്നും ജയിൽ നിറയ്ക്കൽ സമരം നടത്തുമെന്നുമാണ് കെജ് രിവാളിന്റെ ഭീഷണി.
ഞായറാഴ്ച 12 മണിക്ക് പാർട്ടിയുടെ നേതാക്കളുമൊത്ത് ബിജെപി ആസ്ഥാനത്ത് എത്തും. അവർ അറസ്റ്റ് ചെയ്യട്ടെയെന്ന് കെജ് രിവാൾ പറഞ്ഞു. സ്വാതി മാലിവാൾ നൽകിയ പരാതിയിൽ ഡൽഹി പൊലീസ് ബൈഭവ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ബൈഭവ് കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ വൈകിട്ട് 4 മണിയോടെയാണ് അറസ്റ്റ് നടന്ന വിവരം പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചത്.
സ്വന്തം പാർട്ടിയുടെ വനിതാ എംപി നൽകിയ പരാതിയിലാണ് പേഴ്‌സണൽ അസിസ്റ്റന്റിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതെന്ന വസ്തുത മറച്ചുവെച്ചാണ് കെജ് രിവാൾ ബിജെപിയെ പഴിചാരുന്നത്. വാർത്താസമ്മേളനത്തിലാണ് കെജ് രിവാൾ ബൈഭവ് കുമാറിന്റെ അറസ്റ്റ് ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ വഴിതിരിച്ചുവിടാൻ ശ്രമിച്ചത്. ജയിലിൽ നിന്ന് ഇടക്കാല ജാമ്യത്തിൽ പുറത്തുവന്ന കെജ് രിവാളിനെ കാണാൻ വസതിയിലെത്തിയ സ്വാതി മാലിവാളിനെയാണ് ബൈഭവ് കുമാർ കൈയ്യേറ്റം ചെയ്തത്. അതിക്രമം നടന്നതായി എഎപി നേതാക്കളു പിന്നീട് സ്ഥിരീകരിച്ചിരുന്നു.
മോദി എഎപി നേതാക്കളെ ഓരോരുത്തരെയായി അറസ്റ്റ് ചെയ്യുകയാണെന്ന് ആയിരുന്നു കെജ് രിവാളിന്റെ ആരോപണം. മനേഷ് സിസോദിയെയും സത്യേന്ദ്ര ജെയ്‌നെയും സഞ്ജയ് സിംഗിനെയും എന്നെയും അവർ ജയിലിലാക്കി. ഇപ്പോൾ എന്റെ പേഴ്‌സണൽ അസിസ്റ്റന്റിനെയും ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ രാഘവ് ഛദ്ദയെയും മന്ത്രിയായ അതിഷിയെയും അറസ്റ്റ് ചെയ്യാനാണ് ശ്രമമെന്നും കെജ് രിവാൾ ആരോപിച്ചു.















