ബുന്ദസ്ലിഗ ചരിത്രത്തിൽ ഇനി ബയർ ലെവർക്യുസൻ തലയെടുപ്പുള്ള കൊമ്പനാണ്. പാപ്പന്മാർ പലരും ശ്രമിച്ചിട്ടും ആ മസ്തകം ഒന്നു താഴ്‌ത്താൻ പോയിട്ട് അനക്കാൻ പോലും ജർമ്മനിയിലെ വമ്പന്മാർക്ക് ഒരിക്കൽ പോലുമായില്ല. ബുന്ദസ്ലിഗ സീസൺ ഒരു തോൽവി പോലും അറിയാതെ പൂർത്തിയാക്കിയ ആദ്യ അപരാജിത ടീമെന്ന നേട്ടമാണ് സാബിയുടെ ബയർ ലെവർക്യുസൻ സ്വന്തമാക്കിയത്. ഇന്ന് നടന്ന അവസാന ലീഗ് മത്സരത്തിൽ ഒഗ്സ്ബർഗ് എഫ് സിയെ 2-1ന് പരാജയപ്പെടുത്തിയാണ് ലെവർക്യുസൻ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയത്.
34 ലീഗ് മത്സരങ്ങളിൽ സാബിയുടെ ടീം 28 തവണ എതിരാളികളെ കശാപ്പ് ചെയ്തപ്പോൾ ആറുതവണ സമനില സമനില പാലിച്ചു. 89 ഗോളുകൾ എതിരാളികളുടെ വലയിൽ നിറച്ചപ്പോൾ 24 എണ്ണം മാത്രമാണ് വഴങ്ങിയത്. എല്ലാ ചാമ്പ്യൻ ഷിപ്പുകളിലുമായി ഇതുവരെ 51 മത്സരങ്ങളിലാണ് ലെവർക്യുസൻ തോൽവിയറിയാതെ മുന്നേറിയത്. അടുത്തയാഴ്ച യുറോപ്യൻ ലീഗ് ഫൈനലിൽ അറ്റ്ലാൻഡയെയും മെയ് 25-ന് ജർമ്മൻ കപ്പ് ഫൈനലിൽ കൈസർസ്ലോട്ടേണിനെയും നേരിടുന്ന ബയർ ക്യുസൻ അവരുടെ ആദ്യ ട്രെബിൾ കിരീടമാണ് ലക്ഷ്യമിടുന്നത്.















