കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് എന്ന് പരാതി. ഇക്കുറി കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു. വേദന ശക്തമായപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത് . 24 വയസ്സുള്ള അജിത്ത് എന്ന യുവാവിനാണ് ദുരനുഭവം. തുടർന്ന് രാത്രി വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടർ പറഞ്ഞു. വാർത്തകൾ കണ്ടു ഭയന്ന അജിത്തും ബന്ധുക്കളും ഇത് നിരസിച്ചപ്പോൾ ഡോക്ടർ ദേഷ്യപ്പെട്ടതായും അജിത്ത് പറയുന്നു.
വാഹനാപകടത്തെ തുടർന്നാണ് 24 വയസുകാരനായ അജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കു വേണ്ടി ഒരാഴ്ചയോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു. മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടർ അജിത്തിന്റെ കയ്യിലിട്ടത് എന്നാണ് റിപ്പോർട്ട്.
കൈ വേദന അസഹനീയമായപ്പോൾ അജിത്തിന് അനസ്തേഷ്യ നൽകിയിരുന്നു എന്നും പരാതിയുണ്ട്.
പൊട്ടലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും പ്രത്യേകിച്ച് കാരണമില്ലാതെ ശസ്ത്രക്രിയ ഒരാഴ്ച നീട്ടുകയായിരുന്നു എന്നും തങ്ങൾ വാങ്ങി കൊടുത്ത കമ്പിയല്ല ഇട്ടതെന്നും അജിത്തിന്റെ അമ്മ പറഞ്ഞു. 3000 രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങൾ തങ്ങൾ വാങ്ങി നൽകിയെങ്കിലും അതൊന്നും ഡോക്ടർ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ പറയുന്നു.
മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നാലു വയസ്സുകാരിക്ക് ഇടതു കൈവിരലിലെ ആറാം വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയത് വിവാദമായിരുന്നു. ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ വിവാദം കെട്ടടങ്ങും മുമ്പെയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ഡോക്ടർമാരുടെ അനാസ്ഥ ഉണ്ടാകുന്നത്.















