സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. മെയ് ആദ്യ വാരം 13,700 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ തൊട്ടടുത്ത വാരം രോഗികളുടെ എണ്ണം ഇരട്ടിയായി.മേയ് അഞ്ചിനും പതിനൊന്നിനും ഇടയിലുള്ള വാരം കോവിഡ് ബാധിതരുടെ എണ്ണം 25,900 ആയി ഉയര്‍ന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് സിങ്കപ്പൂര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമുണ്ട്. അടുത്ത രണ്ടോ നാലോ ആഴ്ചക്കുള്ളില്‍ വ്യാപനം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 250 പേരെയാണ് ഈ ആഴ്ച മാത്രം അഡ്മിറ്റ് ചെയ്തത്. കഴിഞ്ഞാഴ്ച 181 രോഗികളാണുണ്ടായിരുന്നത്. രോഗികളുടെ എണ്ണം വീണ്ടും വര്‍ധിച്ചാല്‍ രാജ്യത്തിന്‍റെ ആരോഗ്യമേഖലയില്‍ പ്രതിസന്ധിയുണ്ടായേക്കാമെന്നും മന്ത്രി പറഞ്ഞു.
60 വയസിന് മുകളിലുള്ളവരും മറ്റ് ഗുരുതരരോഗമുള്ളവരും ജാഗ്രത പാലിക്കണമെന്നും കഴിഞ്ഞ 12 മാസത്തിനിടെ കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ സുരക്ഷയുടെ ഭാഗമായി അധിക ഡോസ് സ്വീകരിക്കണമെന്നും സർക്കാർ നിർദേശമുണ്ട്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ഒഴിവാക്കാനും ഗുരുതരമല്ലാത്ത രോഗമുള്ളവരെ വീടുകളിലേക്ക് മടക്കി അയയ്‌ക്കാനും സർക്കാർ ആശുപത്രികളോട് നിർദേശിച്ചു. അവര്‍ക്ക് മൊബൈല്‍ ഇന്‍പേഷ്യന്റ് കെയര്‍ വഴി ചികിത്സ തുടരേണ്ടതാണെന്നും ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.















