കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശരത് ലാലിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സസ്പെൻഷൻ നടപടികൾ പൂർത്തിയായത്.
രാഹുലിന് രക്ഷപ്പെടാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തതിൽ ശരത് ലാലിനും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംഭവ ദിവസം ഇയാൾ പന്തിരാങ്കാവ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ടുള്ള നിർണായക വിവരങ്ങൾ ചോർത്തി കൊടുത്തതായും കണ്ടെത്തി. വധശ്രമ കുറ്റം ചുമത്തുമെന്ന് ഉൾപ്പെടെയുള്ള പൊലീസ് നീക്കങ്ങൾ ശരത് ലാൽ പ്രതിയെ അറിയിച്ചിരുന്നു.
പൊലീസിന്റെ കണ്ണിൽപെടാതെ ചെക്ക് പോസ്റ്റ് കടക്കണമെന്ന് ശരത് ലാൽ പ്രതിയ്‌ക്ക് നിർദേശം നൽകിയതായും കേസെടുത്ത ശേഷം ഇയാൾ പ്രതിയെ കാണുകയും ചെയ്തെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ശരത് ലാലിന്റെ ഫോൺ രേഖകൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
രാഹുലിന്റെ സുഹൃത്തായ രാജേഷിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ അടുത്ത സുഹൃത്ത് കൂടിയാണ് ശരത് ലാലെന്ന് പൊലീസ് കണ്ടെത്തി.