ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന പരിശോധനയിൽ ലഹരിവസ്തുക്കൾ ഉൾപ്പെടെ 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർമാരെ വശത്താക്കുന്നതിനായി കൊണ്ടുവന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. മദ്യവും മയക്കുമരുന്നും കൂടാതെ പണവും പിടിച്ചെടുത്തിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
849.15 കോടി പണം, 814.85 കോടി രൂപ വിലമതിക്കുന്ന 5.39 കോടി ലിറ്റർ മദ്യം വിലയേറിയ ലോഹങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ സി-വിജില്‍ (cVigil) ആപ്പിലൂടെ നാല് ലക്ഷത്തിലധികം പരാതികൾ ലഭിച്ചുവെന്നും കമ്മീഷൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന്റെ ഭാഗമായി രാജ്യത്തുടനീളം കനത്ത പരിശോധനയാണ് പോളിംഗ് ബൂത്തുകൾ കേന്ദ്രീകരിച്ച് നടന്നത്.
കേരളത്തിൽ നിന്നും 15 കോടി രൂപയാണ് പണമായി പിടിച്ചെടുത്തത്. മൂന്ന് കോടിയുടെ മദ്യവും 45 കോടിയുടെ മയക്കുമരുന്നും 26 കോടി മൂല്യം വരുന്ന ലോഹവും സൗജന്യവിതരണത്തിനായി കൊണ്ടുവന്ന അഞ്ച് കോടി വിലമതിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ടെന്ന് കമ്മീഷൻ അറിയിച്ചു.
ഇതുവരെ ലഭിച്ച പരാതികളിൽ ഭൂരിഭാഗവും അനുവാദമില്ലാതെ ബാനറുകളും പോസ്റ്ററുകളുമായി ബന്ധപ്പെട്ടതാണ്. 4,23, 908 പരാതികളിൽ 90 ശതമാനം പരാതികളും പരിഹരിച്ചിട്ടുണ്ട്.