കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിനെ ശക്തമായി എതിർക്കുന്ന പിസിസി അധ്യക്ഷൻ അധീർ ചൗധരിയ്‌ക്ക് ശാസനവുമായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ .
‘ മമത ഇന്ത്യ മുന്നണിയുടെ ഭാഗമാണ് . മുന്നണിയിൽ മമതയെ ഉള്‍പ്പെടുത്തുന്ന കാര്യം തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ്, അധീര്‍ രഞ്ജന്‍ ചൗധരിയല്ല. കോൺഗ്രസ് തീരുമാനിക്കും, അത് ശരിയാകും, അനുസരിക്കാൻ പറ്റാത്തവർക്ക് പുറത്ത് പോകാം ‘ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
ഇന്ത്യ മുന്നണി സർക്കാർ രൂപീകരിക്കുകയാണെങ്കിൽ ടിഎംസി പുറത്തുനിന്ന് പിന്തുണക്കുമെന്ന് മമത പറഞ്ഞിരുന്നു. മുൻകാലങ്ങളിലും സമാന മാതൃകകളുണ്ട്. 2004-ൽ. യുപിഎ സർക്കാരിനെ കമ്മ്യൂണിസ്റ്റുകാരും പുറത്തുനിന്ന് പിന്തുണച്ചിരുന്നു – മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
അതേസമയം ബംഗാളിൽ കോൺഗ്രസിനെ നശിപ്പിക്കുന്ന ആരോടും തനിക്ക് സഹിഷ്ണുത പുലർത്താൻ കഴിയില്ല എന്നായിരുന്നു ഖാർഗെയുടെ പ്രസ്താവനയ്‌ക്കുള്ള അധീർ ചൗധരിയുടെ മറുപടി . ‘ ‘ പാർട്ടിയുടെ സേവകൻ എന്ന നിലയിൽ എനിക്ക് ഈ പോരാട്ടം നിർത്താൻ കഴിയില്ല. ടിഎംസിക്കെതിരായ എന്റെ പോരാട്ടം പ്രത്യയശാസ്ത്രപരമാണ്, ഇത് വ്യക്തിപരമായ പോരാട്ടമല്ല . ബംഗാളിൽ ഞങ്ങൾ പാർട്ടിയെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ‘ – അധീർ ചൗധരി പറഞ്ഞു.