ചണ്ഡീഗഡ്: ഹരിയാനയിൽ ബസിന് തീപിടിച്ച് ആറ് സ്ത്രീകളുൾപ്പെടെ ഒമ്പത് പേർ മരിച്ചു. ഹരിയാനയിൽ നുഹ് ജില്ലയിലെ ടൗറുവിലാണ് അപകടം സംഭവിച്ചത്. ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പഞ്ചാബിലെ ലുധിയാന, ഹോഷിയാർപൂർ എന്നിവിടങ്ങളിലുള്ള 60-ഓളം പേരാണ് ബസിലുണ്ടായിന്നത്. ഉജ്ജെയ്‌നിലും മഥുര വൃന്ദാവൻ തുടങ്ങിയ സ്ഥലങ്ങളിലും തീർത്ഥയാത്രയ്‌ക്കിറങ്ങിയതായിരുന്നു ഇവർ. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ബസിന് പുറകെ സഞ്ചരിച്ചിരുന്ന ബൈക്ക് യാത്രികൻ ബസ് ഡ്രൈവറെ വിവരമറിയിച്ചിരുന്നു. തുടർന്ന് ബസ് നിർത്താൻ തുടങ്ങിയെങ്കിലും അപ്പോഴേക്കും തീ പടർന്നുപിടിക്കുകയായിരുന്നു.
നാട്ടുകാരാണ് പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചത്. ഫയർഫോഴ്സ് ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ഒമ്പത് പേർ വെന്തുമരിച്ചിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസ് പ്രാഥമിക അന്വേഷണം നടത്തിവരികയാണ്.