രാജ്കോട്ട്: കാൻസറിനെ അതിജീവിച്ച സ്ത്രീകളെ ഉൾപ്പെടുത്തി ഗുജറാത്തിലെ രാജ്കോട്ടിൽ റാംപ് വാക്ക് നടന്നു. അർബുദത്തോട് പോരാടി വിജയിച്ച 80ലധികം സ്ത്രീകളാണ് റാംപ് വാക്കിൽ പങ്കെടുത്തത്. കാൻസർ ക്ലബ് രാജ്കോട്ടിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി നടന്നത്.
അർബുദത്തെക്കുറിച്ചും അതിനെ അതിജീവിക്കുന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. സ്താനാർബുദത്തെയും ഗർഭാശയ അർബുദത്തെയും അതിജീവിച്ച സ്ത്രീകളാണ് പരിപാടിയിൽ പങ്കെടുത്തത്.
രണ്ട് മാസം മുമ്പാണ് കാൻസർ ക്ലബ് രാജ്‌കോട്ട് ഈ പരിപാടി നടത്താൻ തീരുമാനിച്ചത്. ബെംഗളൂരു, ഡൽഹി നഗരങ്ങളിലും സമാനമായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. രാജ്‌കോട്ടിൽ സംഘടിപ്പിച്ച ഷോയിൽ വൻ ജനാവലിയാണ് ഉണ്ടായിരുന്നത്. കാൻസറിനെ കണ്ടെത്തി കഴിഞ്ഞാൽ അത് ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുമെന്ന സന്ദേശവും ഈ പരിപാടിയിലൂടെ സംഘടകൾ മുന്നോട്ടു വയ്‌ക്കുന്നു.















