ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ പ്രവിശ്യയിലെ ജോൽഫ നഗരത്തിലാണ് സംഭവം. പ്രസിഡന്റ് കൂടാതെ മന്ത്രിമാരും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അസർബൈജാനിൽ ഒരു അണക്കെട്ടിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ഹെലികോപ്റ്റർ കാണാതായത്. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റർ തിരിച്ചിറക്കിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
നാല് ഹെലികോപ്റ്ററുകളിൽ മൂന്നെണ്ണം ലക്ഷ്യസ്ഥാനത്ത് എത്തിയെങ്കിലും പ്രസിഡന്റ് അടങ്ങുന്ന കോപ്റ്റർ കാണാതാവുകയായിരുന്നു. അസർബൈജാൻ അതിർത്തി പ്രദേശത്ത് കനത്ത മൂടൽമഞ്ഞ് നിലനിന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇറാൻ ഭരണകൂടം ഇതുസംബന്ധിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ലാത്തതിനാൽ ഹെലികോപ്റ്റർ സുരക്ഷിതമായി ലാൻഡ് ചെയ്തോയെന്നതിൽ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. പ്രസിഡന്റിന്റെ ആരോഗ്യനിലയെക്കുറിച്ചും വിവരങ്ങൾ ലഭ്യമല്ല.















