ലക്നൗ: വോട്ട് ബാങ്ക് തകരുമെന്ന ഭീതിയാണ് അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാക്കൾ വിട്ടുനിൽക്കാൻ കാരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭഗവാൻ ശ്രീരാമന്റെ ഭക്തർക്ക് നേരെ വെടിയുതിർത്തവരും അവർക്കായി രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയവരും തമ്മിലാണ് ഈ തെരഞ്ഞെടുപ്പിലെ മത്സരമെന്നും അദ്ദേഹം പറഞ്ഞു. പ്രയാഗ് രാജിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസും സമാജ് വാദി പാർട്ടിയും 70 വർഷത്തോളം രാമക്ഷേത്ര നിർമ്മാണം മുടക്കി കൊണ്ടിരുന്നു. സമാജ് വാദി പാർട്ടിയുടെ
ഭരണകാലത്ത് കർസേവർക്ക് നേരെ പൊലീസിനെ ഉപയോഗിച്ച് രാജ്യവിരുദ്ധ ശക്തികൾ വെടിയുതിർത്തു .എൻഡിഎ സർക്കാരിന് രണ്ടാം തവണയും തുടർഭരണത്തിന് അവസരം നൽകിയപ്പോഴാണ് രാമക്ഷേത്രം യാഥാർത്ഥ്യമായത്.
കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ, സമാജ്‌വാദി പാർട്ടി നേതാക്കളായ ഡിമ്പിൾ യാദവ്, അഖിലേഷ് യാദവ് എന്നിവരെ ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. വിമർശനങ്ങൾ നിരത്തി അവർ ചടങ്ങിൽ നിന്ന് വിട്ടുനിന്നത് വോട്ടുബാങ്ക് ചോരുമെന്ന ഭയത്താലാണ്. നുഴഞ്ഞുകയറ്റക്കാരാണ് ഇക്കൂട്ടരുടെ വോട്ട്ബാങ്കെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎ ഒരു ശക്തികളെയും ഭയപ്പെടുന്നില്ല. രാമക്ഷേത്രം മാത്രമല്ല പ്രധാനമന്ത്രിക്ക് കീഴിൽ യാഥാർത്ഥ്യമായത്. ഔറംഗസേബ് തകർത്ത കാശി വിശ്വനാഥ ക്ഷേത്രത്തിലെ ദർബാർ ഹാൾ പൂർവ്വ സ്ഥിതിയിലാക്കിയത് പ്രധാനമന്ത്രി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരാണ്. അദ്ദേഹത്തിന്റെ നേതൃമികവിന് കീഴിൽ സോമനാഥ ക്ഷേത്രവും സ്വർണ്ണത്താൽ പണിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.