ന്യൂഡൽഹി: ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സിയുടെ ഹെലികോപ്റ്റർ അപകടത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദുരിത സമയത്ത് ഇറാനിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും റെയ്സിയുടെയും ഹെലികോപ്റ്ററിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന നേതാക്കളുടെയും ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. എക്സിലൂടെയാണ് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചത്.
“പ്രസിഡൻ്റ് റെയ്സിയുടെ ഇന്നത്തെ ഹെലികോപ്റ്റർ അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ അഗാധമായ ഉത്കണ്ഠയുണ്ട്. ഈ ദുരിതസമയത്ത് ഞങ്ങൾ ഇറാനിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു, പ്രസിഡൻ്റിന്റെയും അദ്ദേഹത്തിന്റെ പരിവാരങ്ങളുടെയും ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നു” പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
https://x.com/narendramodi/status/1792242768468758626
മൂന്ന് ദിവസത്തെ അസർബൈജാൻ സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. മൂന്ന് ഹെലികോപ്റ്ററുകളിലായാണ് പ്രസിഡന്റും സംഘവും യാത്ര നടത്തിയത്. ഇതിൽ രണ്ടെണ്ണം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തി. പ്രസിഡന്റും മന്ത്രിയും സഞ്ചരിച്ച കോപ്റ്ററാണ് കാണാതായത്. ഇതോടെ അപകടം സംഭവിച്ചെന്ന നിഗമനത്തിലെത്തുകയായിരുന്നു. അപകട സമയം ഇറാൻ പ്രസിഡന്റിനൊപ്പം വിദേശകാര്യമന്ത്രിയും കോപ്റ്ററിലുണ്ടായിരുന്നു.















