ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ ഇതുവരെ കണ്ടെത്താനായില്ല. ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് 12ണിക്കൂറിലേറെ പിന്നിട്ടിട്ടും തകർന്ന ഹെലികോപ്റ്ററിനായുള്ള തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം വൈകീട്ട് 5 മണിയോടെ അയൽരാജ്യമായ അസർബൈജാനിൽ നിന്നും മടങ്ങുന്നതിനിടെയാണ് ഇറാൻ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും അടങ്ങുന്ന ഹെലികോപ്റ്റർ അപകടത്തിൽപെട്ടത്.
ഇതിനിടെ പരസ്പര വിരുദ്ധമായ റിപ്പോർട്ടുകളാണ് രക്ഷാദൗത്യ സംഘത്തിൽ നിന്നും പുറത്ത് വരുന്നത്. ഹെലികോപ്റ്റർ തകർന്നുവീണ സ്ഥലം കണ്ടെത്തിയതായി ഇറാൻ സൈനിക കമാൻഡർ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇറാൻ റെഡ് ക്രെസന്റ് സൊസൈറ്റിയുടെ തലവൻ ഹൊസൈൻ കൗലിവാന്ദ് ഇത് നിഷേധിച്ചു. പ്രസിഡന്റിനെ കണ്ടെത്താൻ സിഗ്നൽ ലഭിച്ച സ്ഥലങ്ങളിൽ ദൗത്യസേന ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചതായി ഇറാനിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
കനത്ത മൂടൽമഞ്ഞും മഴയുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നത്. അതുകൊണ്ട് തന്നെ ഹെലികോപ്റ്റർ തകർന്നുവീണ അസർബൈജാനിലെ മലനിരകൾ നിറഞ്ഞ പ്രദേശത്തെ കൃത്യമായ കാലാവസ്ഥ വിവരങ്ങൾ ലഭ്യമാകുന്നതും ദുഷ്കരമായി മാറിയിരുന്നു. അതേസമയം രക്ഷാദൗത്യത്തെ സഹായിക്കാനായി യൂറോപ്യൻ യൂണിയൻ അതിവേഗ പ്രതികരണ മാപ്പിംഗ് സംവിധാനം സജീവമാക്കിയിട്ടുണ്ട്.
കൂടാതെ ഇറാൻ സഹായം അഭ്യർത്ഥിച്ചത് പ്രകാരം 32 പർവ്വതാരോഹക സെർച്ച് ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരെയും ആറ് വാഹനങ്ങളും രക്ഷാദൗത്യത്തിനായി അയക്കുന്നുണ്ടെന്ന് തുർക്കി അടിയന്തര ദുരന്ത നിവാരണ മന്ത്രാലയം അറിയിച്ചു. റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രസിഡന്റിനെ കണ്ടെത്താൻ സഹായം വാഗ്‌ദാനം ചെയ്തിട്ടുണ്ട്. ഹെലികോപ്റ്റർ അപകട റിപ്പോർട്ടുകളിൽ അഗാധമായ ഉത്കണ്ഠയുണ്ടെന്നും ഈയൊരു സമയത്ത് ഇറാനിയൻ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.















