ന്യൂഡൽഹി : 2024-ലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്കിൽ പുതിയ പ്രവചനവുമായി ഐക്യരാഷ്‌ട്ര സഭ. 6.9 ശതമാനം വർദ്ധനവാണ് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിൽ പ്രതീക്ഷിക്കുന്നത് . 6.2 ശതമാനം സാമ്പത്തിക വളർച്ച ഇന്ത്യ കൈവരിക്കുമെന്നായിരുന്നു ഐക്യരാഷ്‌ട്ര സഭയുടെ നേരത്തെയുണ്ടായിരുന്ന പ്രവചനം.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയെന്ന സ്ഥാനമാണ് ഇന്ത്യയ്‌ക്ക് നൽകിയിരിക്കുന്നത് . കുറഞ്ഞ പണപ്പെരുപ്പം, കയറ്റുമതിയിലെ വർദ്ധനവ് , വർധിച്ച വിദേശ നിക്ഷേപം എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളാണ് ഈ കുതിപ്പിന് കാരണമെന്ന് യുഎന്നിന്റെ ഗ്ലോബൽ ഇക്കണോമിക് മോണിറ്ററിംഗ് ബ്രാഞ്ച് മേധാവി ഹമീദ് റാഷിദ് പറയുന്നു.
പണപ്പെരുപ്പ നിരക്ക് ഗണ്യമായി കുറച്ചതാണ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ മുന്നോട്ട് നയിക്കുന്നത്. കൂടാതെ, വർദ്ധിച്ച കയറ്റുമതിയും ഇന്ത്യയുടെ കുതിപ്പിന് ആക്കം കൂട്ടുന്നു. പാശ്ചാത്യ കമ്പനികൾ കൂടുതൽ ആകർഷകമായ ബദൽ ലക്ഷ്യസ്ഥാനമായി ഇന്ത്യയെ കാണുന്നതിനാൽ വിദേശ നിക്ഷേപത്തിന്റെ കണക്കുകളും വർദ്ധിക്കുന്നു . എണ്ണയുടെ കാര്യത്തിൽ റഷ്യയുമായുള്ള പോലുള്ള പ്രത്യേക ഇറക്കുമതി ക്രമീകരണങ്ങൾ പോലും ഇന്ത്യയുടെ സാമ്പത്തിക നേട്ടത്തിന് കൂടുതൽ സംഭാവന നൽകുന്നുവെന്ന് ഹമീദ് റാഷിദ് പറയുന്നു .
ലോക സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള യുഎന്നിന്റെ വേൾഡ് ഇക്കണോമിക് സിറ്റുവേഷൻ ആൻഡ് പ്രോസ്‌പെക്‌ട്‌സ് (WESP) റിപ്പോർട്ടിൽ ഇന്ത്യയിലെ മികച്ച തൊഴിലവസരങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട് . സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടതിനാൽ രാജ്യത്ത് ഇപ്പോൾ കൂടുതൽ തൊഴിലവസരങ്ങളുണ്ടെന്നും ദക്ഷിണേഷ്യയിലും കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്ത വർഷത്തേക്കുള്ള ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.6 ശതമാനത്തിൽ തുടരും. കഴിഞ്ഞ വർഷം 7.5 ശതമാനവും 2022 ൽ 7.7 ശതമാനവും എന്ന ശക്തമായ വളർച്ചാ നിരക്കിനെ തുടർന്നാണിത്. കൊവിഡ് മൂലമുണ്ടായ മാന്ദ്യത്തിൽ നിന്ന് സമ്പദ്‌വ്യവസ്ഥ കുതിച്ചുയർന്നു കഴിഞ്ഞു.
ഇന്ത്യയ്‌ക്ക് ശേഷം സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുന്ന രാജ്യമാണ് ചൈന . 4.8% വളർച്ചയാണ് ചൈനയ്‌ക്ക് പ്രതീക്ഷിക്കുന്നത് . അതേസമയം, ഈ വർഷം യുഎസ് സമ്പദ്‌വ്യവസ്ഥ 2.3 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.