ന്യൂഡൽഹി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇറാൻ പ്രസിഡന്റും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയനും ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതായി രാജ്യത്തെ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടസ്ഥലത്തുനിന്നും ആരെയും ജീവനോടെ കണ്ടെത്താനായില്ലെന്ന് ദൗത്യ സംഘം പറഞ്ഞു.
അയൽരാജ്യമായ അസർബൈജാൻ അതിർത്തിയിലുള്ള ജോൽഫ നഗരത്തിനു സമീപമുള്ള പർവത പ്രദേശത്താണ് ഹെലികോപ്റ്റർ കണ്ടെത്തിയത്. ഹെലികോപ്റ്റർ പൂർണമായും തകർന്ന അവസ്ഥയിലായിരുന്നു. കനത്ത മൂടൽ മഞ്ഞിൽ ഹെലികോപ്റ്റർ ഇടിച്ചിറക്കിയതാവാം അപകടകാരണമെന്നാണ് കരുതുന്നത്. 12 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് അപകടത്തിൽപെട്ട ഹെലികോപ്റ്റർ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് ഇറാൻ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽപെട്ടത്. മൂന്ന് ദിവസത്തെ അസർബൈജാൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം.















