ന്യൂ ഡൽഹി : ഡൽഹിയിൽ ആഞ്ഞടിച്ച് ഉഷ്‌ണതരംഗം. ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനിലയായ 44.4 ഡിഗ്രി സെൽഷ്യസ് ആണ് ഡൽഹിയിൽ രേഖപ്പെടുത്തിയത് . അതേസമയം രാജ്യത്തെയും ദേശീയ തലസ്ഥാനത്തെയും ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് നജഫ്ഗഡിലാണ്. 47.8 ഡിഗ്രി സെൽഷ്യസ് ആണ് നജഫ്ഗഡിലെ താപനില. രാജസ്ഥാനിൽ നിന്നുള്ള ചൂട് കാറ്റ് ദേശീയ തലസ്ഥാനത്ത് വീശിയടിക്കുന്നതിനാൽ ഒരാഴ്ചത്തേക്ക് കൂടി ഉഷ്ണതരംഗമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
ഡൽഹിയിലെ പ്രധാന കാലാവസ്ഥാ കേന്ദ്രമായ സഫ്ദർജംഗ് ഒബ്സർവേറ്ററിയിൽ പരമാവധി താപനില 44.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കുറഞ്ഞ താപനില 28.2 ഡിഗ്രി സെൽഷ്യസാണ്. ഡൽഹിയിലെ മിക്ക പ്രദേശങ്ങളിലും പരമാവധി താപനില 45-47 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഇത് സാധാരണ പരിധിയേക്കാൾ നാല് മുതൽ ആറ് ഡിഗ്രി വരെ കൂടുതലാണ്.
മുംഗേഷ്പൂർ, പിതാംപുര എന്നിവിടങ്ങളിൽ യഥാക്രമം 47.7 ഡിഗ്രി സെൽഷ്യസും 47 ഡിഗ്രി സെൽഷ്യസുമാണ് ഉയർന്ന താപനില. ആയനഗർ, പലം, റിഡ്ജ് എന്നിവിടങ്ങളിൽ യഥാക്രമം 46.4 , 45.1 , 45.9 ഡിഗ്രി സെൽഷ്യസും ഉയർന്ന താപനിലയായി രേഖപ്പെടുത്തി.
താർ മരുഭൂമിയുള്ള അയൽ സംസ്‌ഥാനമായ രാജസ്‌ഥാനെക്കാൾ ചൂടാണ് ഡൽഹിയിൽ അനുഭവപ്പെടുന്നത് എന്നാണ് ഐഎംഡി പറയുന്നത്. ബിക്കാനീർ (44.6 ഡിഗ്രി സെൽഷ്യസ്), ബാർമർ (45.8 ഡിഗ്രി സെൽഷ്യസ്), ജോധ്പൂർ (45.6 ഡിഗ്രി സെൽഷ്യസ്), കോട്ട (46.2 ഡിഗ്രി സെൽഷ്യസ്), ശ്രീഗംഗാനഗർ (46.7 ഡിഗ്രി സെൽഷ്യസ്) എന്നിവയേക്കാൾ ചൂടാണ് ഡൽഹിയിൽ. ഈ നഗരങ്ങളിലെല്ലാം 44-47 ഡിഗ്രി പരിധിയിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്.
അതേസമയം ഉത്തർപ്രദേശിലെ ആഗ്രയിൽ ഏറ്റവും ഉയർന്ന താപനിലയായ 47.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കഠിനമായ ഉഷ്ണ തരംഗത്തെ തുടർന്ന് ഡൽഹി, ഹരിയാന, പഞ്ചാബ്, പടിഞ്ഞാറൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ റെഡ് അലർട്ടും കിഴക്കൻ രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും ഐഎംഡി പ്രഖ്യാപിച്ചിട്ടുണ്ട്.
കിഴക്കൻ ഉത്തർപ്രദേശ്, പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ മെയ് 22 വരെയും ബീഹാർ, ഗംഗാനദി പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ മെയ് 20 വരെയും ഉഷ്‌ണതരംഗ മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്.















